എറണാകുളം അറിയിപ്പുകള്
സീനിയോറിറ്റി ലിസ്റ്റ്
കൊച്ചി: എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഉള്‍പ്പെടെയുള്ള വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി 2018-2020 കാലഘട്ടത്തില്‍ വിവിധ ജോലികള്‍ക്ക് ഉദ്യോഗാര്‍ത്ഥികളെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനുള്ള താത്കാലിക സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കി www.employment.kerala.gov.in എന്ന വെബ് പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേനയോ/പ്രവൃത്തി ദിവസങ്ങളില്‍ ബന്ധപ്പെട്ട ഓഫീസില്‍ ഹാജരായോ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി ലിസ്റ്റ് പരിശോധിക്കാവുന്നതും ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട ഓഫീസ് മേധാവിക്കോ/ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേനയോ പരാതി സമര്‍പ്പിക്കാവുന്നതാണ്. പരാതികള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതിനു ശേഷം ഡിസംബര്‍ 28-ന് അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്.
വാഹന ലേലം
കൊച്ചി: എറണാകുളം എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുളളതും സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയതുമായ കാര്‍-രണ്ട്, ഓട്ടോറിക്ഷ-നാല്, മോട്ടോര്‍ സൈക്കിള്‍-ഏഴ്, പിക്അപ് വാന്‍-ഒന്ന്, മിനിട്രക്ക്-ഒന്ന്, സ്കൂട്ടര്‍-നാല് എന്നീ വാഹനങ്ങള്‍ എറണാകുളം എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ നിലവിലുളള ലേല വ്യവസ്ഥകള്‍ക്കു വിധേയമായി ഡിസംബര്‍ 14-ന് രാവിലെ 11-ന് മാമല എക്സെസ് റെയിഞ്ച് ഓഫീസില്‍ (ഫോണ്‍ 0484- 2786848) പരസ്യമായി ലേലം ചെയ്യും. ലേല നിബന്ധനകളും മറ്റു വിവരങ്ങളും എറണാകുളം എക്സൈസ് ഡപ്യൂട്ടീ കമ്മീഷണര്‍ ഓഫീസില്‍ നിന്നോ ജില്ലയിലെ മറ്റ് എക്സൈസ് ഓഫീസുകളില്‍ നിന്നോ ലഭ്യമായിരിക്കും. വാഹനങ്ങള്‍ നേരില്‍ പരിശോധിക്കണമെന്നുളളവര്ക്ക് അവ സൂക്ഷിച്ചിരിക്കുന്ന ഓഫീസുകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പരിശോധിക്കാം.
റവന്യൂ ടവറില്‍ കടമുറികള്‍ വാടകയ്ക്ക്
കൊച്ചി: എറണാകുളം റവന്യൂ ടവറില്‍ (പാര്‍ക്ക് അവന്യൂ റോഡ്, സുഭാഷ് പാര്ക്കിന് എതിര്‍വശം) 70-ഓളം കടമുറികളും (161 സ്ക്വയര്‍ ഫീറ്റ് മുതല്‍ 800 സ്ക്വയര്‍ ഫീറ്റ് വരെ) ഓഫീസ് സ്ഥലവും ഒഴിവുണ്ട്. മിതമായ നിരക്കില്‍ വാടകയ്ക്ക് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2369059, 9037215830.
അസിസ്റ്റന്റ് ജില്ലാ കോ-ഓഡിനേറ്റര്‍ തസ്തികയില്‍
ഡെപ്യൂട്ടേഷന് നിയമനം
കൊച്ചി: തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലുളള ജില്ലാ ശുചിത്വമിഷനുകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവുകളിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്നും ശുചിത്വമിഷന് പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുളള 20,000-45,800 മുതല്‍ 35700-75600 വരെ ശമ്പള സ്കെയിലിലുളള ജീവനക്കാരില്‍ നിന്നും ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.
ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (ഐ.ഇ.സി) യുടെ ഓരോ ഒഴിവിലേക്കും എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) ന്റെ ഓരോ ഒഴിവിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) ആയി അപേക്ഷിക്കുന്നവര്‍ സയന്‍സ് ബിരുദധാരികളോ, സിവില്‍ എഞ്ചിനീയറിംങ് ഡിപ്ലോമ ബിരുദധാരികളോ ആയിരിക്കണം.
താല്പര്യമുളള അപേക്ഷകര്‍ കെ.എസ്.ആര് പാര്‍ട്ട് (1) റൂള്‍ പ്രകാരമുളള അപേക്ഷയും നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രവും സഹിതം ഡിസംബര്‍ 23-ന് മുമ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍, സംസ്ഥാന ശുചിത്വമിഷന്, സ്വരാജ് ഭവന്, നന്തന്‍കോട്, കവടിയാര്‍.പി.ഒ, തിരുവനന്തപുരം -695003 വിലാസത്തില്‍ ലഭ്യമാകുംവിധം നേരിട്ടോ തപാലിലോ സമര്‍പ്പിക്കാം.
- Log in to post comments