ദിശ എക്സ്പോ: പാഠപുസ്തകങ്ങളില്‍ നിന്ന് ജീവിതത്തിന്റെ നേര്‍വഴികളിലേക്ക്; പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ 'പവര്‍ ബ്രിഗേഡ്'
പരീക്ഷാ മാര്‍ക്കുകള്‍ക്കപ്പുറം ജീവിതത്തെ ആത്മവിശ്വാസത്തോടെ നേരിടാനും സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരായി വളരാനും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങാവുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദിശ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സിലിങ് പരിപാടിയുടെ ഭാഗമായി ഒരുക്കിയ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്‍സ് കൗണ്‍സിലിംഗ് സെല്ലിന്റെ 'പവര്‍ ബ്രിഗേഡ്'. ക്ലാസ് മുറികളുടെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന അറിവുകള്‍ക്കപ്പുറം, ജീവിതമെന്ന വലിയ പാഠശാലയെ നേരിടാന്‍ കൗമാരക്കാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ രംഗത്ത് പവര്‍ ബ്രിഗേഡ് ആരംഭിക്കുന്നത്. ശാക്തീകരിക്കുക, നടപ്പിലാക്കുക, വിലയിരുത്തുക എന്നതാണ് പവര്‍ ബ്രിഗേഡിന്റെ അടിസ്ഥാന മന്ത്രം. പതിനൊന്നാം ക്ലാസില്‍ നിന്ന് വിവിധ ഘട്ടങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 25 വിദ്യാര്‍ത്ഥികളാണ് രണ്ട് അക്കാദമിക വര്‍ഷങ്ങളിലായി നീണ്ടുനില്‍ക്കുന്ന ഈ പദ്ധതിയുടെ ഭാഗമാകുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ 230 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിശീലനങ്ങളിലും പ്രവര്‍ത്തനങ്ങളിലും പരിശീലനം നേടും.
ലഹരിക്കെതിരെ വിദ്യാലയങ്ങളില്‍ ജാഗ്രതയും ആരോഗ്യബോധവും വളര്‍ത്തി ലഹരിവിരുദ്ധ സംസ്കാരം രൂപപ്പെടുത്താന്‍ ലഹരി വിരുദ്ധ ദളം. അപകടങ്ങളിലും പ്രകൃതിദുരന്തങ്ങളിലും പതറാതെ പ്രഥമശുശ്രൂഷ നല്‍കാനും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന സുരക്ഷാ ദളം. ?റോഡ് നിയമങ്ങളെക്കുറിച്ചുള്ള അവബോധവും സുരക്ഷിതമായ യാത്രാശീലങ്ങളും പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നു റോഡ് സുരക്ഷാ ദളം. അമിതമായ സ്ക്രീന്‍ ഉപയോഗം, സൈബര്‍ ബുള്ളിയിംഗ്, വ്യാജവാര്‍ത്തകള്‍ എന്നിവയ്ക്കെതിരെ സുരക്ഷിതമായ ഡിജിറ്റല്‍ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന സാങ്കേതികവിദ്യ സുസ്ഥിതി ദളം. പഠനസമ്മര്‍ദ്ദവും മാനസിക പിരിമുറുക്കവും അനുഭവിക്കുന്ന സഹപാഠികള്‍ക്ക് ആശ്വാസവും കൃത്യമായ കരിയര്‍ മാര്‍ഗനിര്‍ദേശവും നല്കുന്ന മാര്‍ഗ്ഗദര്‍ശക ദളം എന്നിങ്ങനെ സമകാലിക സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളെ നേരിടാന്‍ പവര്‍ ബ്രിഗേഡിനെ അഞ്ച് പ്രത്യേക വിഭാഗങ്ങളായാണ് തരം തിരിച്ചിരിക്കുന്നത്.
മറ്റു സംഘടനകളില്‍ നിന്ന് പവര്‍ ബ്രിഗേഡിനെ വ്യത്യസ്തമാക്കുന്നത് കുട്ടികളുടെ സജീവമായ നേതൃത്വമാണ്. പരിപാടികളുടെ ആസൂത്രണവും നടപ്പാക്കലും വിലയിരുത്തലും കുട്ടികള്‍ തന്നെ നിര്‍വഹിക്കുന്നു. സ്വയം, സഹപാഠി, അധ്യാപക തലങ്ങളിലെ ത്രിതല മൂല്യനിര്‍ണ്ണയവും, ലോകാരോഗ്യ സംഘടനയുടെ ജീവിതനൈപുണികളും തൊഴില്‍ സാധ്യതകളും സ്വയം തിരിച്ചറിയുന്ന ശൈലിയുമാണ് ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത.
പദ്ധതിയുടെ ഭാഗമായി കെ-ഡാറ്റ് അഭിരുചി പരീക്ഷ ഉള്‍പ്പെടുന്ന 30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 'സ്വപ്നച്ചിറകുകള്' എന്ന ത്രിദിന പരിശീലന ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. രണ്ട് വര്‍ഷത്തെ അനുഭവങ്ങള്‍ രേഖപ്പെടുത്താന്‍ വിദ്യാര്‍ത്ഥികള്‍ക്കായി 'പവര്‍ ജേര്‍ണലും' സജ്ജമാക്കിയിട്ടുണ്ട്. സൗഹൃദ കോ-ഓര്‍ഡിനേറ്റര്‍, ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍, കരിയര്‍ ഗൈഡ് എന്നിവരുടെ കൃത്യമായ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്.
- Log in to post comments