Skip to main content

കിണർ നിർമാണം, വ്യവസായ ജലശേഖരണം, ടാങ്കർ ജലവിതരണം, റിഗ് രജിസ്ട്രേഷൻ എന്നിവയ്ക്ക് അനുമതി നിർബന്ധം

 

പുതിയ കുഴൽക്കിണർ (ട്യൂബ്‌വെൽ/ബോർവെൽ/ഫിൽട്ടർ പോയിൻ്റ്) നിർമിക്കാൻ ഭൂജല വകുപ്പിൻ്റെ നിരാക്ഷേപ പത്രത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽനിന്ന് അനുമതി (പെർമിറ്റ്) നേടണം.  വ്യവസ്ഥകൾ പാലിച്ചായിരിക്കണം നിർമാണം.
ഗാർഹിക ആവശ്യത്തിനുള്ള അപേക്ഷയോടൊപ്പം ആധാർ കാർഡിന്റെയും ഏറ്റവും പുതിയ ഭൂനികുതി രസീതിൻ്റെയും പകർപ്പുകൾ സമർപ്പിക്കണം. അന്വേഷണ ഫീസായി ഗാർഹിക ഉപഭോക്താക്കൾ 585 രൂപയും പൊതുസ്ഥാപനങ്ങൾ 1,935 രൂപയും വ്യവസായ ഉപഭോക്താക്കൾ 3,860 രൂപയും അടച്ച് ഭൂജല വകുപ്പ് ജില്ലാ ഓഫീസിൽ അപേക്ഷ നൽകാം.

പ്രധാന വ്യവസ്ഥകൾ:

കിണറിനു ചുറ്റും ഭൂനിരപ്പിൽനിന്ന് ഒരു മീറ്റർ ഉയരത്തിൽ സംരക്ഷണഭിത്തി നിർമിക്കണം.
വസ്തുവിന്റെ അതിർത്തിയിൽനിന്ന് കുറഞ്ഞത് 1.5 മീറ്റർ അകലം പാലിക്കണം.
കുടിവെള്ള കിണറിന്റെ 7.5 മീറ്റർ ചുറ്റളവിൽ സോക്ക്പിറ്റ്, സെപ്റ്റിക് ടാങ്ക് തുടങ്ങിയ മലിനജല സംസ്കരണ സംവിധാനങ്ങൾ അനുവദിക്കില്ല.
പൊതുകുടിവെള്ള സ്രോതസ്സിൽനിന്ന് 30 മീറ്ററിനുള്ളിൽ കിണർ നിർമിക്കാൻ സംസ്ഥാന ഭൂജല അതോറിറ്റിയുടെ അനുമതി വേണം. തീരദേശ പരിപാലന മേഖലയിലും നിയന്ത്രണമുണ്ട്.
സുപ്രീം കോടതി ഉത്തരവുപ്രകാരം  നിർമാണത്തിന് 15 ദിവസം മുമ്പ് ബന്ധപ്പെട്ട അധികാരികളെ രേഖാമൂലം അറിയിക്കണം: പൂർത്തിയായ ശേഷം ഭൂജല വകുപ്പിനെയും അറിയിക്കണം.
രജിസ്റ്റർ ചെയ്ത ഏജൻസികളുടെ സേവനം മാത്രമേ ഉപയോഗിക്കാവൂ. പൈപ്പുകളുടെ വെൽ അസംബ്ലി ചാർട്ടിന് ജില്ലാ ഓഫീസിന്റെ അംഗീകാരം വേണം.
ഉപയോഗശൂന്യമായ കിണറുകൾ ഭൂജല മലിനീകരണത്തിനും അപകടങ്ങൾക്കും ഇടയാകാത്തവിധം സുരക്ഷിതമായി മൂടേണ്ടത് ഉടമയുടെ ഉത്തരവാദിത്തമാണ്.

date