Skip to main content

തനത് ഭവന പദ്ധതി: ജില്ലയിൽ 2074 അപേക്ഷകൾ ലഭിച്ചു

ജില്ലയിലെ പട്ടികജാതി കുടുംബങ്ങൾക്ക് സുരക്ഷിത ഭവനം ഉറപ്പാക്കുന്നതിനുള്ള തനത് ഭവന പദ്ധതി 2026-27 ലേക്ക് 2074 അപേക്ഷകൾ ലഭിച്ചു. പാലക്കാട് നഗരസഭ(61), ആലത്തൂർ (165), ചിറ്റൂർ (143), ഒറ്റപ്പാലം (194), ഷൊർണ്ണൂർ നഗരസഭ (45), ശ്രീകൃഷ്ണപ്പുരം (94), കൊല്ലങ്കോട് (352), കുഴൽമന്ദം (210), മണ്ണർക്കാട് (126), പട്ടാമ്പി (204), നെന്മാറ (156), പാലക്കാട് ബ്ലോക്ക് (125), തൃത്താല (87), മലമ്പുഴ (112) എന്നിങ്ങനെയാണ് അപേക്ഷകൾ ലഭിച്ചത്.

പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട ഭവനരഹിതരായ/വാസയോഗ്യമല്ലാത്ത ഭവനങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ഭവന നിർമ്മാണത്തിന് ധനസഹായം അനുവദിക്കുന്നതാണ് പദ്ധതി. അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബമായിരിക്കണം. കുടുംബത്തിന്റെ പ്രതിവർഷ വരുമാന പരിധി മൂന്ന് ലക്ഷം രൂപ. സ്വന്തം പേരിലോ ഭാര്യ/ഭർത്താവിന്റെ പേരിലോ ഭവന നിർമ്മാണത്തിന് അനുയോജ്യമായ ഭൂമി ഉണ്ടായിരിക്കണം. ഗ്രാമപരിധിയിൽ കുറഞ്ഞത് രണ്ട് സെന്റ്, നഗരപരിധിയിൽ കുറഞ്ഞത് ഒന്നര സെന്റ് ഭൂമിയുള്ളവർക്ക് അപേക്ഷിക്കാം. സ്വന്തം പേരിലോ ഭാര്യ/ഭർത്താവിന്റെ പേരിലുള്ള വാസയോഗ്യമായ ഭവനം ഇല്ലാത്തവർക്കും അപേക്ഷിക്കാം. കഴിഞ്ഞ 20 വർഷത്തിനുള്ളിൽ വകുപ്പ് മുഖേനയോ മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ ധനസഹായം ലഭിച്ചിട്ടില്ലാത്തവർക്കാണ് അവസരം. സർക്കാർ/അർദ്ധസർക്കാർ/പൊതുമേഖല സ്ഥാപനങ്ങളിൽ സ്ഥിരം ജോലിയുള്ളവർ, സർവീസ് പെൻഷൻകാർ എന്നിവർ അർഹരല്ല. അപേക്ഷകർ 70 വയസ്സിന് താഴെ പ്രായമുള്ളവരും വിവാഹിതരുമായിരിക്കണം. 50 വയസ്സിന് മുകളിൽ പ്രായമുള്ള അവിവാഹിതരായ വനിതകളെയും പരിഗണിക്കും. താല്പര്യമുള്ളവർ നിശ്ചിത മാതൃകയിലുള്ള അപേക്ഷയും സർട്ടിഫിക്കറ്റുകളും സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസിൽ നവംബർ 16 നകം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ: 04912505005

date