കളക്ടേസ് സൂപ്പർ 100 പദ്ധതി: അവലോകനയോഗം ചേർന്നു
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കളക്ടേസ് സൂപ്പർ 100 പദ്ധതിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി സ്കൂൾ മേധാവികളുടെയും നോഡൽ അധ്യാപകരുടെയും അവലോകന യോഗം ചേർന്നു. കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് കളക്ടർ വിഷ്ണോയ് ദിനേശ് ഹാപുരം അധ്യക്ഷത വഹിച്ചു.
വിദ്യാർത്ഥികളിൽ ഉന്നത വിദ്യാഭ്യാസത്തോടുള്ള താൽപര്യം വളർത്തുക, അക്കാദമിക് അടിത്തറ ശക്തിപ്പെടുത്തുക, ആത്മവിശ്വാസം വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഒൻപത് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ, തീരദേശ, പട്ടികജാതി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസവും ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതശാസ്ത്രം മേഖലകളിൽ തുടർച്ചയായ പരിശീലനവും അവസരങ്ങളും ഉറപ്പാക്കുന്നതാണ് പദ്ധതി.
നിലവിൽ പദ്ധതിയിലെ 100 വിദ്യാർത്ഥികളിൽ 94 പേർ മാത്രമാണ് തുടരുന്നത്. മൂന്ന് സ്കൂളുകളിലെ വിദ്യാർത്ഥികൾ അക്കാദമിക് സെഷനുകളിൽ പങ്കെടുക്കാത്തതും ഹാജർനില കുറയുന്നതും യോഗം വിലയിരുത്തി. വിദ്യാർത്ഥികളും ജില്ലാ കളക്ടറും തമ്മിൽ പ്രതിമാസ സംവാദം സംഘടിപ്പിക്കുക, ചോദ്യപേപ്പർ പരിശീലനത്തിനായി ഓൺലൈൻ-ഓഫ്ലൈൻ സെഷനുകൾ നടത്തുക, വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ പൂർവ വിദ്യാർത്ഥികളുമായി സംവാദം ഒരുക്കുക, സ്കൂൾതല പി.ടി.എ യോഗങ്ങൾ തുടർച്ചയായി സംഘടിപ്പിക്കുക തുടങ്ങിയ തീരുമാനങ്ങൾ യോഗത്തിലുണ്ടായി. വിവിധ സ്കൂൾ മേധാവികളും നോഡൽ അധ്യാപകരും യോഗത്തിൽ പങ്കെടുത്തു.
- Log in to post comments