Skip to main content

തളിക്കുളം ഗ്രാമപഞ്ചായത്തിൽ പൊതുകുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപ പദ്ധതിക്ക് തുടക്കമായി

​കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ 'ചീഫ് മിനിസ്റ്റേഴ്സ് മത്സ്യ സമൃദ്ധി'  2026-27 പദ്ധതിയുടെ ഭാഗമായി തളിക്കുളം ഗ്രാമപഞ്ചായത്തിലെ പൊതുകുളങ്ങളിൽ മത്സ്യവിത്ത് നിക്ഷേപിച്ചു. നാട്ടിക മത്സ്യഭവന് കീഴിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പുല്ലം കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ അജയകൃഷ്ണൻ നിർവ്വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നീന സുഭാഷ് അധ്യക്ഷത വഹിച്ചു.

 

​ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, മത്സ്യലഭ്യതയിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഇതിനോടൊപ്പം ഉപയോഗശൂന്യമായി കിടക്കുന്ന പൊതുകുളങ്ങൾ വൃത്തിയാക്കി സംരക്ഷിക്കുന്നതിലൂടെ ജലസംഭരണ ശേഷി വർദ്ധിപ്പിക്കാനും കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനും സാധിക്കും. ഒരു ​ഹെക്ടറിന് 7,500 മത്സ്യക്കുഞ്ഞുങ്ങൾ എന്ന തോതിൽ, പുല്ലം കുളത്തിൽ മുന്നൂറോളം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ടാണ് പദ്ധതിക്ക്‌  തുടക്കം കുറിച്ചത്. 

 

ചടങ്ങിൽ  വൈസ് പ്രസിഡന്റ് കെ.എസ്. റഹ്മത്തുള്ള, വാർഡ് മെമ്പർമാരായ സുമിത, സ്മിത ധനഞ്ജയൻ, മിനി രമേഷ്, ഫിഷറീസ് വകുപ്പിൽനിന്ന് ആതിര, സാഗർമിത്ര നീതു, മൊയ്‌തീൻകുട്ടി, തുടങ്ങിയവർ പങ്കെടുത്തു.

date