നെഹ്രു സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കിയ ഭരണാധികാരി: മുഖ്യമന്ത്രി വി.ഡി. സതീശന്‍
സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കിയ ഭരണാധികാരിയായിരുന്നു ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവാഹര്‍ലാല്‍ നെഹ്രുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. കേരള സാഹിത്യ അക്കാദമിയുടെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച‘നെഹ്രുവിലൂടെ അതിജീവിക്കുന്ന ഇന്ത്യ’ ദേശീയ പ്രഭാഷണപരമ്പര കേരള സാഹിത്യ അക്കാദമി എം.ടി. ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നെഹ്രുവിന്റെ ജന്മദിനത്തില്‍ ആരംഭിച്ച പരിപാടിയില്‍ മുഖ്യമന്ത്രി ആദ്യ പ്രഭാഷണം നടത്തി. സാമൂഹ്യനീതിയായിരുന്നു നെഹ്രുവിന്റെ മുഖ്യ ആശയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആ വാക്ക് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടതായിരുന്നു. എല്ലാവരും തുല്യരാകണമെന്ന് അദ്ദേഹം സ്വപ്നം കണ്ടു. നെഹ്രുവിന്റെ ആശയങ്ങള്‍ കാലാതിവര്‍ത്തിയാണ്. ഏത് അന്ധകാരത്തിലും വെളിച്ചമേകാന്‍ കരുത്തുള്ളവയാണവ. തന്റെ ആശയങ്ങള്‍കൊണ്ടും വാക്കുകള്‍കൊണ്ടും സമീപനംകൊണ്ടും ഈ രാജ്യത്തെ മുഴുവന്‍ ആളുകളെയും ഉത്തേജിപ്പിച്ച ആളായിരുന്നു നെഹ്രു. ലോകത്തിന്റെ മുഴുവന്‍ ചരിത്രത്തെക്കുറിച്ചും പ്രതിയശാസ്ത്രങ്ങളെക്കുറിച്ചും ലോകത്ത് അതുവരെയുണ്ടായിരുന്ന സകല സംസ്കൃതികളെക്കുറിച്ചും കൈവെള്ളയിലെന്നതുപോലെ അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. ആ പശ്ചാത്തലത്തിലാണ് അദ്ദേഹം ‘ഡിസ്കവറി ഓഫ് ഇന്ത്യ’ എന്ന മനോഹരമായ പുസ്തകമെഴുതിയത്. എന്താണ് ഇന്ത്യയെന്ന് ആ വാക്കുകളിലുണ്ടായിരുന്നു. രാഷ്ട്രീയനേതാവായില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ, നൊബേല്‍ സമ്മാനിതനാകേണ്ട പ്രതിഭയായിരുന്നു നെഹ്രുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സ്സ്വപ്നം കാണുകയും കഠിനാധ്വാനത്തിലൂടെ, തീക്ഷ്ണമായ പ്രയത്നത്തിലൂടെ, കൃത്യമായ ആശയങ്ങളിലൂടെ ആ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള തീവ്രമായ പരിശ്രമങ്ങള്‍കൂടിയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ മഹാത്മജിയോടു ചേര്‍ന്നുനിന്നുകൊണ്ട് ലോകത്തൊരിടത്തൊരിടത്തുമില്ലാത്ത വിധം വ്യത്യസ്തമായ വിമോചനസമരങ്ങളും സ്വാതന്ത്ര്യസമരങ്ങളും അദ്ദേഹം വിഭാവനം ചെയ്തു. കേവലം രാഷ്ട്രീയസ്വാതന്ത്ര്യത്തിനുവേണ്ടിമാത്രമോ വൈദേശികാധിപത്യത്തിനെതിരായി മാത്രമോ നടത്തിയ സമരങ്ങളായിരുന്നില്ല അവ എന്നതാണ് മറ്റു സ്വാതന്ത്ര്യസമരങ്ങളില്‍നിന്ന് അവയെ വ്യത്യസ്തമാക്കിയത്. നൂറ്റാണ്ടുകളായി നീതി നിഷേധിക്കപ്പെട്ട അനേകം മനുഷ്യരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്കു കൈപിടിച്ചുയര്‍ത്തണമെന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതിക്കുവേണ്ടിക്കൂടി നടത്തിയ സമരങ്ങളായിരുന്നു അവ. ഇന്ത്യയുടെ പഞ്ചവത്സരപദ്ധതികള്‍, നവരത്ന സ്ഥാപനങ്ങള്‍, സാഹിത്യ അക്കാദമി അടക്കമുള്ള സാംസ്കാരിക സ്ഥാപനങ്ങള്‍ എല്ലാം ദീര്‍ഘവിക്ഷണത്തോടെയാണ് അദ്ദേഹം വിഭാവനം ചെയ്തത്.എല്ലാറ്റിലുമുപരി ഏറ്റവും വലിയ ജനാധിപത്യ വിശ്വാസിയായിരുന്നു നെഹ്രുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പരിപാടിയിൽ എഴുത്തുകാരായ കുട്ടികള്‍ക്ക് മുഖ്യമന്ത്രി പുസ്തകം സമ്മാനിച്ചു. ഭദ്ര എസ്., എയ്സല്‍ ആലപ്പാട്ട്, സന്‍ഹ ഫാത്തിമ എന്‍., നിഹാരിക പി.എം., അലക്സ് അനില്‍, ഗ്രേഷ്യസ് ജീന്‍ തേയ്ക്കാനത്ത്, അലീന മേരി, എം. ഋതുനന്ദ, ഭരദ്വാജ് അരുണ്‍ എന്നിവര്‍ക്കാണ് മുഖ്യമന്ത്രി പുസ്തകം നല്‍കിയത്. സ്വന്തം കൃതികള്‍ കുട്ടികള്‍ മുഖ്യമന്ത്രിക്കും നല്‍കി. പരിപാടിയോടനുബന്ധിച്ച് പണ്ഡിറ്റ് നെഹ്രുവിന്റെ ഓര്‍മ്മയ്ക്കായി അക്കാദമി മുറ്റത്ത് മുഖ്യമന്ത്രി ഇലഞ്ഞിത്തൈ നട്ടു. കുട്ടിള്‍ക്കായി അക്കാദമി ലൈബ്രറിയുടെ നടുമുറ്റത്ത് ഒരുക്കിയ സാഹിത്യ പ്രദര്‍ശനം മുഖ്യമന്ത്രി കാണാനെത്തി. അക്കാദമിയുടെ ബാലസാഹിത്യ അവാര്‍ഡു നേടിയ പുസ്തകങ്ങളും പതിറ്റാണ്ടുകള്‍ മുമ്പുണ്ടായിരുന്ന ബാലസാഹിത്യ പ്രസിദ്ധീകരണങ്ങളുമാണ് പ്രദര്‍ശിപ്പിച്ചിരുന്നത്.
ചടങ്ങില്‍ അക്കാദമി പ്രസിഡന്റ് കല്‍പ്പറ്റ നാരായണന്‍ അധ്യക്ഷനായി. എം.എല്‍.എ.മാരായ രാജന്‍ ജെ. പല്ലന്‍, വി.ടി. ബല്‍റാം, മേയര്‍ നിജി ജസ്റ്റിന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. നെഹ്രുവിനെക്കുറിച്ചുള്ള കെ. സച്ചിദാനന്ദന്റെ കവിതയുടെ സംഗീതാവിഷ്കാരം ഫ്ലോട്ടിസ്റ്റ് ഗിന്നസ് മുരളി നിര്‍വഹിച്ചു. അക്കാദമി സെക്രട്ടറി എം.പി. സുരേന്ദ്രന്‍ സ്വാഗതവും ജോമി പി.എല്‍. നന്ദിയും പറഞ്ഞു. ജവാഹര്‍ലാല്‍ നെഹ്രു സെന്റര്‍ ഫോര്‍ സയന്റിഫിക് ടെമ്പറിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
എം.പി. സുരേന്ദ്രന്‍
സെക്രട്ടറിയും സന്നിഹിതനായിരുന്നു.
- Log in to post comments