ഹോസ്പിറ്റാലിറ്റി രംഗത്ത് കരിയര്‍ സ്വപ്‌നം കാണുന്നവര്‍ക്ക് വഴികാട്ടിയായി 'ദിശ'യിലെ ഫുഡ് ക്രാഫ്റ്റ് സ്റ്റാള്‍
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ദിശ' കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സിലിങ് പരിപാടിയുടെ ഭാഗമായി ഒരുക്കിയ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനകരമായി. ഹോസ്പിറ്റാലിറ്റി മേഖലയിലെ മികച്ച തൊഴില്‍ സാധ്യതകളെക്കുറിച്ചും വിവിധ കോഴ്‌സുകളെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തമായ അവബോധം നല്‍കുകയാണ് കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ സ്റ്റാളിന്റെ ലക്ഷ്യം.പ്ലസ് ടു യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ട് വാഗ്ദാനം ചെയ്യുന്ന ഒരു വര്‍ഷത്തെ വിവിധ കോഴ്‌സുകളെക്കുറിച്ചുള്ള വിവരങ്ങളാണ് സ്റ്റാളില്‍ പ്രധാനമായും പരിചയപ്പെടുത്തുന്നത്. ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ്, ഫുഡ് പ്രൊഡക്ഷന്‍, ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍ എന്നിവയാണ് പ്രധാന കോഴ്‌സുകള്‍. കോഴ്‌സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 100 ശതമാനം പ്ലേസ്‌മെന്റ് ഉറപ്പുനല്‍കുന്നതിനൊപ്പം സര്‍ക്കാരിന്റെയും പി.എസ്.സിയുടെയും അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകളും ലഭിക്കുന്നു. കൂടാതെ, എസ്.സി/എസ്.ടി/ഒ.ഇ.സി വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീസ് പൂര്‍ണമായും സൗജന്യമാണ്. അര്‍ഹരായ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ആനുകൂല്യങ്ങളും ലഭ്യമാണ്.
മികച്ച പ്രായോഗിക പരിശീലനത്തിനുള്ള ലാബ് സൗകര്യങ്ങള്‍, ആധുനിക ക്ലാസ് മുറികള്‍, തൊഴില്‍ പ്രാവീണ്യം നേടിയ അധ്യാപകരുടെ സേവനം, ബസ്/റെയില്‍ കണ്‍സഷന്‍ എന്നിവയും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാണ്. ഇതിന് പുറമെ ഇന്ത്യയിലെ പ്രമുഖ സ്റ്റാര്‍ ഹോട്ടലുകള്‍ സന്ദര്‍ശിക്കുന്നതിനുള്ള ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് അവസരവും ഒരുക്കുന്നുണ്ട്. കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്ത്യയിലും വിദേശത്തുമായി നിരവധി തൊഴില്‍ സാധ്യതകളാണ് തുറന്നുകിട്ടുന്നത്. ലോകമെമ്പാടുമുള്ള സ്റ്റാര്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ക്രൂയിസ് ഷിപ്പുകള്‍, എയര്‍ലൈന്‍ കാറ്ററിങ്, ഇന്‍ഡസ്ട്രിയല്‍ കാന്റീനുകള്‍, ട്രാവല്‍ ഏജന്‍സികള്‍ തുടങ്ങി വിവിധ മേഖലകളില്‍ മികച്ച കരിയര്‍ കെട്ടിപ്പടുക്കാന്‍ ഈ കോഴ്‌സുകള്‍ വഴിയൊരുക്കുന്നു.
- Log in to post comments