Skip to main content

ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നു -വിനോദസഞ്ചാര വികസന സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഏറ്റുമാനൂർ

ഏറ്റുമാനൂർ നിയമസഭാ നിയോജകമണ്ഡലത്തിലെ വിനോദസഞ്ചാര വികസന സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിക്കാന്‍ർ നാട്ടകം സുരേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാരും അംഗങ്ങളും ഉദ്യോഗസ്ഥരും കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു.

കൃത്യമായ ആസൂത്രണത്തിലൂടെ ഈ മേഖലയിൽ രാജ്യാന്തര നിലവാരത്തിലുള്ള വിനോദസഞ്ചാര സൗകര്യങ്ങൾ ഒരുക്കാനാകുമെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. ഇതിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും സഹകരണം ഉണ്ടാകണം. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുതന്നെ കനാൽ ടൂറിസം വികസനം സാധ്യമാക്കണം.

തദ്ദേശസ്ഥാപന ഭരണസമിതികൾ യോഗം ചേർന്ന് വിശദമായ ചർച്ച നടത്തി വിനോദസഞ്ചാര വികസനത്തിനുള്ള കൂടുതൽ ആശയങ്ങൾ സമർപ്പിക്കണമെന്ന് എം.എൽ.എ നിർദേശിച്ചു.

കനാലുകളിലെ മാലിന്യവും പോളയും നീക്കം ചെയ്യുന്നതിന് സ്ഥിരം സംവിധാനം വേണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി നിർദേശിച്ചു. ഏറ്റുമാനൂർ മണ്ഡലത്തിലെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം വൈക്കം, കോട്ടയം മണ്ഡലങ്ങളെക്കൂടി ബന്ധിപ്പിച്ചുള്ള പദ്ധതികൾ ആസൂത്രണം ചെയ്യണം. പഴുക്കാനില കായലിൽ കൃഷി, പരിസ്ഥിതി സംരക്ഷണം, വിനോദസഞ്ചാര വികസനം എന്നിവ ലക്ഷ്യമിടുന്ന പദ്ധതി കേന്ദ്ര സർക്കാരിനു മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും എം.പി പറഞ്ഞു.

സന്ദർശകർക്ക് മികച്ച കാഴ്ചകളും അനുഭവങ്ങളും സമ്മാനിച്ച് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഉപകരിക്കുന്ന പദ്ധതികൾ തയ്യാറാക്കണമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ നിർദേശിച്ചു.

കവണാറ്റിൻകര, ചീപ്പുങ്കലിലെ ഹൗസ് ബോട്ട് ടെർമിനൽ, കാഞ്ഞിരം-മലരിക്കൽ ടൂറിസം സർക്യൂട്ട്, ജെ ബ്ലോക്ക് ടൂറിസം പാക്കേജ്, മലരിക്കലിലെ ആമ്പൽ വസന്തവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനം, കാഞ്ഞിരം-കുമരകം, താഴത്തങ്ങാടി-കുമരകം കനാൽ ടൂറിസം, ചീപ്പുങ്കലിൽ അഡ്വഞ്ചർ പാർക്ക് തുടങ്ങിയ ആശയങ്ങളും യോഗത്തിൽ പങ്കെടുത്തവർ അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.കെ. വൈശാഖ്, ജിം അലക്സ്, ഏറ്റുമാനൂർ മുനിസിപ്പൽ ചെയർമാൻ ടോമി കുരുവിള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജയ്മോൻ കരിമഠം തുടങ്ങിയവർ സംസാരിച്ചു.
 

date