ജനനി പദ്ധതി: 100 കുരുന്നുകളുടെ സ്നേഹസംഗമം ഇന്ന്
കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പും നാഷണൽ ആയുഷ് മിഷനും മലപ്പുറം ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന 'ജനനി' ഹോമിയോപ്പതി വന്ധ്യതാ ചികിത്സാ പദ്ധതിയിലൂടെ ജനിച്ച 100 കുരുന്നുകളുടെ രണ്ടാമത് സ്നേഹസംഗമം ഇന്ന് (നവംബർ 14) നടക്കും. മലപ്പുറം കാട്ടുങ്ങൽ റീജൻസി കൺവെൻഷൻ സെന്ററിൽ രാവിലെ ഒമ്പത് മണിക്ക് വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പരിപാടി ഉദ്ഘാടനം ചെയ്യും. ചെലവുകുറഞ്ഞ രീതിയിലും പാർശ്വഫലരഹിതവുമായി വന്ധ്യതാ നിവാരണ ചികിത്സ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്നതാണ് മുണ്ടുപറമ്പ് ഹോമിയോ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജനനി പദ്ധതിയുടെ ലക്ഷ്യം. 'സ്വപ്നങ്ങൾ മിഴിതുറക്കുമിടം' എന്ന ആശയത്തിലധിഷ്ഠിതമായ പദ്ധതിയിലൂടെ ഇതിനകം നൂറ് ദമ്പതികൾക്കാണ് സന്താനഭാഗ്യം ലഭിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പദ്ധതിയുടെ ഗുണഭോക്താക്കളായ കുരുന്നുകളുടെ രണ്ടാമത് സ്നേഹസംഗമം സംഘടിപ്പിക്കുന്നത്. പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാർ ഹാജി അധ്യക്ഷനാകും. റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ വിനയ് ഗോയൽ സുവനീർ പ്രകാശനം ചെയ്യും. മലപ്പുറം നഗരസഭാ അധ്യക്ഷ അഡ്വ. റിനിഷ വി. വിശിഷ്ടാതിഥിയാകും. ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ സുമേഷ് പി, ജനനി ജില്ലാ കൺവീനർ മഞ്ജു എസ്, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ സനൽ പി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ ആലിപ്പറ്റ ജമീല, കെ.ടി അജ്മൽ, ഷാഹിന നിയാസി, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ജുമീലത്ത് പി.എസ് തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments