Skip to main content

കായംകുളം ജലോത്സവം അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണം: കെ സി വേണുഗോപാൽ എംപി ജലോത്സവം വരും നാളുകളിൽ കൂടുതൽ മികച്ചതാക്കും: മന്ത്രി എം ലിജു കായംകുളം കായൽ വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും: മന്ത്രി പിസി വിഷ്ണുനാഥ്

 

 കായംകുളം ജലോത്സവത്തിന്റെ പ്രൗഢി ഉയർത്തുംവിധം മികച്ച പവലിയനും ട്രാക്കും  ഉൾപ്പെടുത്തി അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണമെന്ന് കെസി വേണുഗോപാൽ എംപി. കായംകുളം കായലിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് സെമി ഫൈനലും ജലോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കാൻ ടൂറിസം വകുപ്പ് നടപടി സ്വീകരിക്കണം. നെഹ്റു ട്രോഫിക്ക് ശേഷം സംസ്ഥാനത്ത് നടക്കുന്ന പ്രധാന ജലോത്സവം എന്ന നിലയിൽ കായംകുളം ജലോത്സവം അറിയപ്പെടണമെന്നും ജലോത്സവത്തിന്റെ പുനർവികസനത്തിലൂടെ മേഖലയിലെ യുവജനങ്ങൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 

 സഹകരണ എക്സൈസ് വകുപ്പ് മന്ത്രി എം ലിജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കായംകുളം എന്ന ബ്രാൻഡിനെ ലോക ടൂറിസം ഭൂപടത്തിൽ അടയാളപ്പെടുത്തും വിധം കായംകുളം ജലോത്സവം വികസിപ്പിക്കുമെന്നും ജലോത്സവം കായംകുളത്തെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ്വ് നൽകിയെന്നും അദ്ദേഹം പറഞ്ഞു. 

കായംകുളം കായലിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രദേശത്തെ ടൂറിസം സാധ്യതകൾ വിപുലമാക്കുന്ന വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നു വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കവേ ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് അറിയിച്ചു. ചാമ്പ്യൻസ് ബോട്ടിലീഗ് മത്സരങ്ങൾ മികച്ച നിലയിൽ സംഘടിപ്പിച്ചുവെന്നും കായംകുളം ജലോത്സവം പ്രദേശത്തെ ജനങ്ങൾക്ക് മറക്കാനാവാത്ത അനുഭവമായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 കായംകുളം മുനിസിപ്പൽ ചെയർമാൻ ശരത് ലാൽ ബല്ലാരി ജലോത്സവ പതാക ഉയർത്തി. മത്സരത്തിനു മുന്നോടിയായി സംഘടിപ്പിച്ച മാസ് ഡ്രിൽ മുൻ എംഎൽഎ സി കെ സദാശിവൻ ഫ്ലാഗ് ഓഫ് ചെയ്തു. ജലോത്സവം സ്വാഗതസംഘം ചെയർമാൻ അഡ്വ ഇ സമീർ സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബി രാജലക്ഷ്മി, മുൻ എംഎൽഎയും സിബിഎൽ സാങ്കേതിക സമിതി അംഗവുമായ എ എ ഷുക്കൂർ,  സി ബി എൽ സാങ്കേതിക സമിതി ചെയർമാൻ ആർ കെ കുറുപ്പ്, അംഗമായ തോമസ് ജോസഫ്,  കായംകുളം നഗരസഭ വൈസ് ചെയർപേഴ്സൺ ആർ അംബിക, സിബിഎൽ  നോഡൽ ഓഫീസർ പി ഐ സുബൈർ കുട്ടി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജെ ആർ ഷാനവാസ് ഖാൻ, നടൻ ടിനി ടോം തുടങ്ങിയവർ പങ്കെടുത്തു.

date