റോഡ് യാത്രയ്ക്കുള്ളതാണ്, റേസിനുള്ളതല്ല: മമ്മൂട്ടി
റോഡ് സുരക്ഷയിൽ വേഗതയേക്കാൾ പ്രധാനം ജാഗ്രതയും കൃത്യതയുമാണെന്ന് റോഡ് സുരക്ഷാ മിഷനായ ജീവ സുയാത്ര മിഷന്റെ ബ്രാൻഡ് അംബാസഡറായ നടൻ മമ്മൂട്ടി പറഞ്ഞു. റോഡപകടങ്ങളിൽ ഭൂരിഭാഗവും മനുഷ്യരുടെ അശ്രദ്ധ മൂലമാണുണ്ടാകുന്നത്. വാഹനമോടിക്കുന്നവരും കാൽനടയാത്രക്കാരും ഒരുപോലെ ഉത്തരവാദിത്തത്തോടെ പെരുമാറണം. സ്വന്തം സുരക്ഷ മറ്റുള്ളവരുടെ കൈകളിലാണെന്ന് കരുതാതെ ഓരോരുത്തരും ജാഗ്രത പുലർത്തണം. മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് റോഡിലൂടെ നടക്കുന്നതും വാഹനമോടിക്കുമ്പോഴുള്ള അശ്രദ്ധയും അപകടങ്ങൾക്ക് കാരണമാകുന്നു. റോഡുകൾ അഭ്യാസപ്രകടനങ്ങൾക്കും മത്സരങ്ങൾക്കുമുള്ളതല്ലെന്നും അതിനായി പ്രത്യേക ട്രാക്കുകൾ ഉപയോഗിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. കൃത്യസമയത്ത് എത്താൻ അമിതവേഗത്തിൽ വാഹനമോടിക്കുന്നതിന് പകരം നേരത്തെ യാത്ര ആരംഭിക്കണം. കുട്ടികൾക്ക് ചെറുപ്പം മുതലേ റോഡ് സുരക്ഷാ നിയമങ്ങൾ പഠിപ്പിക്കണമെന്നും മറ്റുള്ളവരുടെ ജീവനും കുടുംബവും കൂടി പരിഗണിച്ചുള്ള യാത്രാശീലം വളർത്തണമെന്നും മമ്മൂട്ടി പറഞ്ഞു. അപകടങ്ങൾ കുറഞ്ഞ് സുരക്ഷിതമായ യാത്രാസംസ്കാരമുള്ള സംസ്ഥാനമായി കേരളം മാറണമെന്നും അദ്ദേഹം ആശംസിച്ചു.
- Log in to post comments