Skip to main content
..

ശിശുദിനത്തിന് ഹരിതക്കരുതലുമായി പട്ടത്താനം സ്കൂളിലെ കുരുന്നുകൾ  നാടൻ സദ്യയ്ക്ക് ഇലകളൊരുക്കി വിദ്യാർഥികൾ

 ശിശുദിന റാലിയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് നാടൻ വിഭവങ്ങൾ വിളമ്പാൻ വട്ടയിലയും വാഴയിലയും ശേഖരിച്ച് നൽകി പട്ടത്താനം ഗവ. എസ് എൻ ഡി പി യു.പി സ്കൂളിലെ കുരുന്നുകൾ മാതൃകയായി. ശിശുദിനാഘോഷം ഹരിതചട്ടം പാലിച്ച് നടത്തുന്നതിന്റെ ഭാഗമായാണ് കുട്ടികൾ വീടുകളിൽ നിന്ന് ഇലകൾ ശേഖരിച്ച് എത്തിച്ചത്.

ഈ വർഷത്തെ ശിശുദിന റാലിയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നാടൻ ഭക്ഷണമാണ് ഒരുക്കുന്നത്. ഭക്ഷണം വിളമ്പുന്നതിനായി ആവശ്യമായ വട്ടയിലയും വാഴയിലയും കുട്ടികൾ സ്വന്തം വീടുകളിൽനിന്ന് ശേഖരിച്ച് നൽകുകയായിരുന്നു. പരിസ്ഥിതി സൗഹൃദമായ ആഘോഷങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നാടൻ ഭക്ഷണസംസ്കാരത്തിന്റെ പ്രാധാന്യവും കുട്ടികളിൽ വളർത്തുന്ന പ്രവർത്തനമായി ഇത് മാറി.

ശേഖരിച്ച ഇലകൾ കൊല്ലം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കരുമാലിൽ ഡോ. ഉദയസുകുമാരൻ സ്കൂൾ ഹെഡ്മിസ്ട്രസ് എസ്. ഇന്ദുകലയിൽ നിന്ന് ഏറ്റുവാങ്ങി. ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി അഡ്വ. ഡി. ഷൈൻദേവ് അധ്യക്ഷത വഹിച്ചു.

ശിശുക്ഷേമ സമിതി ട്രഷറർ എൻ അജിത്ത്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി അനീഷ്, ആർ മനോജ്, അധ്യാപകരായ മെറ്റിൽഡ സോഫിയ, ശ്രുതി, പി ടി എ പ്രസിഡന്റ് ദേവിക ശ്രീജിത്ത്, എൻ അനി, കസ്മീർ ജെ തുടങ്ങിയവർ സംസാരിച്ചു.

date