Skip to main content
നവീകരിച്ച ചാലക്കയംപമ്പ റോഡില്‍ ദേവസ്വം ബോര്‍ഡിന്റെ ഫണ്ടില്‍നിന്ന് ഒന്നരക്കോടി രൂപ ചെലവഴിച്ച് കെ എസ് ഇ ബി സ്ഥാപിച്ച തെരുവിളക്കുകളുടെ ഉദ്ഘാടനം ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീറിന്റെ സാന്നിധ്യത്തില്‍ നിര്‍വഹിക്കുന്നു

ചാലക്കയം പമ്പ റോഡിന്റെ റെക്കോര്‍ഡ് വേഗത്തിലുള്ള നവീകരണം വകുപ്പുകളുടെ മികച്ച ഏകോപനത്തിന്റെ തെളിവ് : മന്ത്രി കെ മുരളീധരന്‍ 

ശബരിമല തീര്‍ത്ഥാടന പാതയിലെ സുപ്രധാനമായ ചാലക്കയംപമ്പ റോഡ് വികസന പ്രവൃത്തികള്‍ ഒന്നര മാസം കൊണ്ട് പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കിയത് വകുപ്പുകളുടെ മികച്ച ഏകോപനത്തിന്റെ തെളിവെന്ന്  ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.

ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിക്കാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് പൊതുമരാമത്ത് മന്ത്രിയാണ്. ദേവസ്വം ബോര്‍ഡിന്റെ അംഗീകാരവും ലഭ്യമാക്കിയതോടെ പദ്ധതിക്ക് തുടക്കമായി. അനുമതിയും സാങ്കേതിക നടപടികളും വേഗത്തിലാക്കി സെപ്റ്റംബറില്‍ അംഗീകാരം ലഭിച്ച പദ്ധതി നവംബറില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വകുപ്പുകളുടെ മികച്ച ഏകോപനത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ 553 കോടി രൂപയുടെ പ്രത്യേക പാക്കേജിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇതില്‍ 80 ശതമാനം പ്രവൃത്തികളും ഇതിനോടകം ടെന്‍ഡര്‍ ചെയ്തു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലും നിര്‍ദേശങ്ങളും തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്ക് വലിയ വേഗം നല്‍കിയിട്ടുണ്ട്. ശബരിമലയിലെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പമ്പയിലും സന്നിധാനത്തും നേരിട്ടെത്തി യോഗം ചേര്‍ന്നിരുന്നു.

തദ്ദേശ സ്ഥാപനങ്ങളുടെ കുടിശ്ശിക തീര്‍ക്കും

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പന്തളം, ചെങ്ങന്നൂര്‍, എരുമേലി എന്നിവിടങ്ങളില്‍ നടത്തിയ അവലോകന യോഗങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ രണ്ടു വര്‍ഷത്തെ കുടിശ്ശിക ലഭിക്കാനുണ്ടെന്ന പരാതി ഉയര്‍ന്നിരുന്നു. ഈ കുടിശ്ശികയില്‍ വലിയൊരു ഭാഗം രണ്ടു ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. ആദ്യ ഗഡു അനുവദിച്ച സാഹചര്യത്തില്‍ രണ്ടാം ഗഡുവും ലഭ്യമാകുന്നതോടെ തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

മിനിറ്റില്‍ 75 പേര്‍ക്ക് പതിനെട്ടാംപടി കയറാം

ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കുന്നതില്‍ പതിനെട്ടാംപടി കയറ്റത്തിന്റെ വേഗം നിര്‍ണായകമാണ്. ഒരു മിനിറ്റില്‍ 75 തീര്‍ത്ഥാടകരെ പതിനെട്ടാംപടി കയറ്റാന്‍ കഴിഞ്ഞാല്‍ തിരക്ക് നിയന്ത്രിക്കാനും ദര്‍ശനം സുഗമമാക്കാനും സാധിക്കും. ഇക്കാര്യത്തില്‍ ആവശ്യമായ നിര്‍ദേശം പോലീസിന് നല്‍കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശപ്രകാരം ഉന്നത പോലീസ് ഉദ്യോഗസ്ഥരും ക്രമീകരണങ്ങള്‍ വിലയിരുത്തുന്നുണ്ട്.

അപ്പവും അരവണയും ഉറപ്പാക്കും

അപ്പത്തിന്റെയും അരവണയുടെയും ലഭ്യത സംബന്ധിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഉല്‍പ്പാദന കേന്ദ്രം നേരിട്ട് സന്ദര്‍ശിച്ച് ജീവനക്കാരുടെ കഠിനാധ്വാനം ബോധ്യപ്പെട്ടതായും 24 മണിക്കൂറും പ്രവര്‍ത്തിച്ചാണ് അവര്‍ ഉല്‍പ്പാദനം ഉറപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 75 ലക്ഷം ടിന്‍ അരവണ ലഭ്യമാക്കാനായാല്‍ തീര്‍ത്ഥാടനകാലം സുഗമമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ദേവസ്വം ബോര്‍ഡ് ഉറപ്പുനല്‍കിയിട്ടുണ്ട്.

ബസ് സര്‍വീസിനും ബുക്കിംഗിനും പ്രത്യേക സംവിധാനം

ചാലക്കയംപമ്പ റൂട്ടില്‍ തീര്‍ത്ഥാടകരുടെ യാത്രാസൗകര്യത്തിനായി വാടക ബസുകള്‍ ഉള്‍പ്പെടെ അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തും. കെ.എസ്.ആര്‍.ടി.സി ആവശ്യമായ ബസുകള്‍ ലഭ്യമാക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വിവരസഹായ കേന്ദ്രത്തിലൂടെ വെര്‍ച്വല്‍ ക്യൂ, താമസസൗകര്യം, അപ്പം, അരവണ എന്നിവയുടെ ബുക്കിംഗിനൊപ്പം കെ.എസ്.ആര്‍.ടി.സി ബസ് ടിക്കറ്റുകളും നേരിട്ട് ബുക്ക് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.

ഒന്നരക്കോടി ചെലവില്‍ തെരുവുവിളക്കുകള്‍

ചാലക്കയംപമ്പ റോഡില്‍ ദേവസ്വം ബോര്‍ഡിന്റെ ഫണ്ടില്‍നിന്ന് ഒന്നരക്കോടി രൂപ ചെലവഴിച്ച് തെരുവുവിളക്കുകള്‍ സ്ഥാപിച്ചു. കെ.എസ്.ഇ.ബിയുടെ സഹകരണത്തോടെയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. റോഡ് നവീകരണത്തിന് പിന്നാലെ റോഡ് കുത്തിപ്പൊളിക്കാതെ തന്നെ മികച്ച വെളിച്ച സംവിധാനം ഒരുക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ വകുപ്പുകളും തങ്ങളുടെ ചുമതലകള്‍ ഏകോപനത്തോടെ നിര്‍വഹിച്ചുവരികയാണ്. ഈ വര്‍ഷത്തെ തീര്‍ത്ഥാടനകാലം പൂര്‍ത്തിയായാലുടന്‍ അടുത്ത വര്‍ഷത്തേക്കുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിക്കും. നട അടച്ചശേഷം ഫെബ്രുവരി മുതല്‍ തന്നെ അടുത്ത തീര്‍ത്ഥാടനകാലത്തേക്കുള്ള അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

date