എച്ച്.പി.വി വാക്സിനേഷൻ; ജില്ലയിൽ ഇതുവരെ 14,719 കുട്ടികൾ പ്രതിരോധ കുത്തിവെപ്പെടുത്തു
വാക്സിനേഷൻ ക്യാമ്പയിൻ ഡിസംബർ 31വരെ
എച്ച്.പി.വി വാക്സിനേഷൻ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ 14,719 കുട്ടികൾ പ്രതിരോധ കുത്തിവെപ്പെടുത്തു. വാക്സിൻ നൽകാൻ ലക്ഷ്യമിട്ട കുട്ടികളുടെ 55 ശതമാനമാണിത്. ഇതിൽ 2,989 കുട്ടികൾക്ക് സ്കൂളുകൾ വഴിയുള്ള വാക്സിനേഷൻ ക്യാമ്പയിനിലൂടെയാണ് കുത്തിവെപ്പ് നൽകിയത്. ജില്ലയിലെ വിവിധ സ്കൂളുകളിലായി ജില്ലയിലെ 262 വാക്സിനേഷൻ ക്യാമ്പുകളാണ് ഇതുവരെ സംഘടിപ്പിച്ചത്.
എച്ച്.പി.വി വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിനായി ജില്ലയിൽ ഷീൽഡ് ( SHIELD -"Strengthening HPV Immunity' through early life saving defense ") എന്ന പേരിൽ ബോധവത്ക്കരണ ക്യാമ്പയിൻ നടന്നു വരികയാണ്. നിയോജകമണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ യോഗങ്ങൾ ചേർന്ന് പ്രദേശത്തെ വാക്സിനേഷൻ ശതമാനം, വാക്സിൻ എടുക്കാനുള്ള കുട്ടികളുടെ എണ്ണം, വാക്സിനേഷൻ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ എന്നിവ യോഗത്തിൽ ചർച്ച ചെയ്യും. കോഴിക്കോട് നോർത്ത്, ബാലുശ്ശേരി, കുന്നമംഗലം, എലത്തൂർ, വടകര നിയോജകമണ്ഡലങ്ങളിൽ ഇതിനകം യോഗങ്ങൾ ചേർന്നു കഴിഞ്ഞതായി ജില്ല ആരോഗ്യ വിഭാഗം അറിയിച്ചു. ആരോഗ്യസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പുമായി ചേർന്നാണ് യോഗങ്ങൾ സംഘടിപ്പിക്കുന്നത്.
ഗർഭാശയള ക്യാൻസർ പ്രതിരോധിക്കുന്നതിന് നൽകിവരുന്ന എച്ച്.പി.വി വാക്സിനേഷൻ ക്യാമ്പയിൻ ഡിസംബർ 31 വരെയാണ് നടക്കുന്നത്. 14 വയസ്സ് പൂർത്തിയായ എല്ലാ പെൺകുട്ടികളും ഈ കാലയളവിൽ വാക്സിൻ എടുത്തു എന്ന് ഉറപ്പാക്കേണ്ടതാണ്. ആരോഗ്യ കേന്ദ്രങ്ങൾ വഴിയും സ്കൂളുകളിൽ നടക്കുന്ന പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ വഴിയും വാക്സിൻ നൽകുന്നതായി ജില്ല ആരോഗ്യ വിഭാഗം അറിയിച്ചു.
- Log in to post comments