Skip to main content

കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ 23-ാമത് ബിരുദദാനച്ചടങ്ങ്; 17,158 പേർക്ക് ബിരുദങ്ങൾ സമ്മാനിച്ചു*

കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ 23-ാമത് ബിരുദദാനച്ചടങ്ങിൽ 17,158 പേർക്ക് ബിരുദങ്ങൾ സമ്മാനിച്ചു. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് അലുമ്‌നി അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വൈസ് ചാൻസലർ പ്രൊഫ. (ഡോ.) മോഹനൻ കുന്നുമ്മൽ ബിരുദദാനം നിർവഹിച്ചു.

2010-ൽ പ്രവർത്തനം ആരംഭിച്ച സർവകലാശാലയിൽനിന്ന് ഇതുവരെ ബിരുദം നേടിയവരുടെ ആകെ എണ്ണം 2,06,698 ആയി ഉയർന്നത് ചരിത്രനേട്ടമാണെന്ന് വൈസ് ചാൻസലർ തന്റെ ബിരുദദാന പ്രസംഗത്തിൽ വ്യക്തമാക്കി. ആദ്യ 22 ബിരുദദാനച്ചടങ്ങുകളിലായി 1,89,540 പേരാണ് ബിരുദം നേടിയിരുന്നത്. സർവകലാശാലയ്ക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളുടെ എണ്ണം 417 ആയി ഉയർന്നതായും 2026-27 അധ്യയനവർഷത്തിൽ മാത്രം 23 പുതിയ കോളേജുകൾക്ക് അഫിലിയേഷൻ നൽകിയതായും വിവിധ മേഖലകളിലായി ആയിരത്തിലധികം പുതിയ സീറ്റുകൾ അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.

ആരോഗ്യരംഗത്തെ പ്രൊഫഷണലുകൾ ഓരോ രോഗിയെയും കേവലം ഒരു രോഗാവസ്ഥയായോ നമ്പറായോ കാണാതെ മനുഷ്യരായി പരിഗണിക്കണമെന്നും വിനയത്തോടും കരുണയോടും കൂടി സേവനം നൽകണമെന്നും വൈസ് ചാൻസലർ ഓർമ്മിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്ന പൂർവവിദ്യാർത്ഥികളുടെ അർപ്പണബോധവും കരുണയുമാണ് സർവകലാശാലയ്ക്ക് ആഗോളതലത്തിൽ ആദരവും വിശ്വാസ്യതയും നേടിത്തന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആയിരം ബിരുദ വിദ്യാർത്ഥികൾക്ക് ഗവേഷണ പ്രവർത്തനങ്ങൾക്കായി 10,000 രൂപ വീതമുള്ള റിസർച്ച് അപ്രീസിയേഷൻ അവാർഡ്, അർഹരായ ആയിരം വിദ്യാർത്ഥികൾക്ക് മെറിറ്റ് സ്കോളർഷിപ്പ് എന്നിവയുൾപ്പെടെയുള്ള പദ്ധതികളിലൂടെ കേരളത്തെ ആരോഗ്യഗവേഷണത്തിന്റെ പ്രധാന കേന്ദ്രമാക്കി മാറ്റാനുള്ള യാത്രയിലാണ് സർവകലാശാലയെന്നും അദ്ദേഹം പറഞ്ഞു.

15,102 ബിരുദധാരികൾ, 2,045 ബിരുദാനന്തര ബിരുദധാരികൾ, 11 പിഎച്ച്.ഡി. ജേതാക്കൾ എന്നിവരാണ് ഇത്തവണ ബിരുദം കരസ്ഥമാക്കിയത്. സർവകലാശാലയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർക്ക് ബിരുദങ്ങൾ സമ്മാനിച്ചത് ഇത്തവണയാണ്. 22-ാമത് ബിരുദദാനച്ചടങ്ങിൽ 7,457 പേരാണ് ബിരുദം നേടിയത്.

നാഷണൽ മെഡിക്കൽ കമ്മീഷന്റെ മെഡിക്കൽ അസസ്മെന്റ് ആൻഡ് റേറ്റിംഗ് (യു.ജി., പി.ജി.) ബോർഡ് അധ്യക്ഷൻ പ്രൊഫ. (ഡോ.) എം.കെ. രമേഷ് മുഖ്യാതിഥിയായി. വിവിധ ബിരുദ പ്രോഗ്രാമുകളിലെ ഒന്നാം റാങ്ക് ജേതാക്കളെ അദ്ദേഹം ആദരിച്ചു. സർവകലാശാലയുടെ ഗവേഷണ ജേണലായ 'അന്നൽസ് ഓഫ് ഹെൽത്ത് സയൻസസ്' വൈസ് ചാൻസലർക്ക് കോപ്പി കൈമാറി പ്രൊഫ. (ഡോ.) എം.കെ. രമേഷ് പ്രകാശനം ചെയ്തു. ആരോഗ്യശാസ്ത്ര വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തിപ്പിടിക്കാൻ നിരന്തരം പരിശ്രമിക്കുന്നതാണ് കേരള ആരോഗ്യശാസ്ത്ര സർവകലാശാലയെ വിദ്യാഭ്യാസരംഗത്ത് വ്യത്യസ്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രോ-വൈസ് ചാൻസലർ പ്രൊഫ. (ഡോ.) സി.പി. വിജയൻ സ്വാഗതം ആശംസിച്ചു. രജിസ്ട്രാർ ഇൻ-ചാർജ് പ്രൊഫ. (ഡോ.) ആർ. ബിനോജ്, പരീക്ഷാ കൺട്രോളർ പ്രൊഫ. (ഡോ.) എസ്. അനിൽകുമാർ, ആരോഗ്യശാസ്ത്രത്തിലെ ഏഴ് മേഖലകളെ പ്രതിനിധീകരിക്കുന്ന ഫാക്കൽറ്റി ഡീൻമാർ, ഫിനാൻസ് ഓഫീസർ ശ്രീ. എം.എസ്. സുധീർ, റിസർച്ച് ഡീൻ ഡോ. കെ.എസ്. ഷാജി, സ്റ്റുഡന്റ് അഫയേഴ്സ് ഡീൻ ഡോ. ആർ. ആശിഷ്, അക്കാദമിക് സ്റ്റാഫ് കോളേജ് ഡയറക്ടർ പ്രൊഫ. (ഡോ.) വി.വി. ഉണ്ണികൃഷ്ണൻ, സർവകലാശാലയുടെ നാല് സ്കൂളുകളുടെ തലവന്മാർ, ഗവേണിങ് കൗൺസിൽ, അക്കാദമിക് കൗൺസിൽ അംഗങ്ങൾ, ബിരുദധാരികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

date