സംസ്ഥാന വരുമാന കണക്കെടുപ്പ്: മേഖലാതല പരിശീലന ശില്പശാലയ്ക്ക് തുടക്കം
സംസ്ഥാന വരുമാനവും അനുബന്ധ സമാഹൃതങ്ങളും സംബന്ധിച്ച നാലുദിവസത്തെ മേഖലാതല പരിശീലന ശില്പശാല തിരുവനന്തപുരം ഡിമോറ ഇന്റർനാഷണൽ ഹോട്ടലിൽ ആരംഭിച്ചു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റേയും നാഷണൽ അക്കൗണ്ട്സ് ഡിവിഷന്റേയും നേതൃത്വത്തിൽ സംസ്ഥാന സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിക്കുന്നത്. കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി അറുപതോളം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
നാഷണൽ അക്കൗണ്ട്സ് ഡിവിഷൻ അഡീഷണൽ ഡയറക്ടർ ജനറൽ സിദ്ധാർത്ഥ കുന്ദു ശില്പശാല ഉദ്ഘാടനം ചെയ്തു. സംസ്ഥാന ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ജി.ആർ. ഗോകുൽ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. സുഭ്ര ശില്പശാലയുടെ ലക്ഷ്യങ്ങൾ വിശദീകരിച്ചു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഡയറക്ടർ കെ. ഷൈലമ്മ സ്വാഗതവും അഡീഷണൽ ഡയറക്ടർ വി.കെ. ശ്രീജൻ നന്ദിയും പറഞ്ഞു.
2022-23 അടിസ്ഥാനവർഷമാക്കിയുള്ള പുതിയ ദേശീയ ആഭ്യന്തര ഉത്പാദന കണക്കെടുപ്പ് പരമ്പരയിലെ മാറ്റങ്ങൾ, പരിഷ്കരിച്ച രീതിശാസ്ത്രങ്ങൾ, പുതിയ വിവരസ്രോതസ്സുകൾ, കണക്കെടുപ്പ് നടപടിക്രമങ്ങൾ എന്നിവ സംസ്ഥാനങ്ങളെ പരിചയപ്പെടുത്തുന്നതിനും സാങ്കേതിക അവബോധം വളർത്തുന്നതിനുമായാണ് നവംബർ 20 വരെ ശില്പശാല സംഘടിപ്പിക്കുന്നത്.
പി.എൻ.എക്സ്. 4856/2026
- Log in to post comments