Skip to main content

ഇടുക്കി ജില്ലയിലെ ആദ്യ ആധാര്‍ സേവാകേന്ദ്രം പ്രവര്‍ത്തനം തുടങ്ങി

യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ ആദ്യ ആധാര്‍ സേവാ കേന്ദ്രം കട്ടപ്പനയില്‍ പ്രവര്‍ത്തനം തുടങ്ങി .കട്ടപ്പന പാറക്കടവ് റോഡിലുള്ള  ഈ കേന്ദ്രത്തിലൂടെ ആധാര്‍ കാര്‍ഡുകളിലെ പെരുമാറ്റം മുതല്‍ പുതിയ കാര്‍ഡ് രജിസ്‌ട്രേഷന്‍ വരെയുള്ള സേവനങ്ങള്‍ ലഭിക്കും .യു.ഐ.ഡി.എ.ഐ. നേരിട്ട് പ്രവര്‍ത്തിപ്പിക്കുന്ന പുതിയ മാതൃകയിലുള്ള ജില്ലയിലെ ഏക ആധാര്‍ സേവാകേന്ദ്രമാണിത്. പൊതുജനങ്ങള്‍ക്ക് പരാതിപരിഹാര സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഇവിടെ നേരിട്ട് ലഭ്യമാക്കും.

പൊതു അവധി ദിനങ്ങളില്‍ ഒഴികെ എല്ലാ ദിവസവും രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചുവരെ കേന്ദ്രം പ്രവര്‍ത്തിക്കും .ആവശ്യക്കാര്‍ക്ക് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യുന്നതിനായി bookappointment.uidai.gov.in എന്ന വെബ്‌സൈറ്റും സജ്ജമാക്കിയിട്ടുണ്ട്. ആധാര്‍ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിനായി പ്രത്യേക പരാതിപരിഹാര സെല്ലും ഈ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വീല്‍ചെയര്‍ സൗകര്യം, ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാവുന്ന ശുചിമുറികള്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

എ ഡി എം മിനി കെ.ജോണ്‍ സേവാകേന്ദ്രം ഉദ്ഘാടനം ചെയ്തു. യു.ഐ.ഡി.എ.ഐ. എസ്.ഒ.ടി. ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സോഫ്ജി എസ്. ഭദ്രന്‍, എസ്.എല്‍. കൃഷ്‌ണേന്ദ്, പി.കെ. സുനില്‍കുമാര്‍, ദിനേശ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാനത്ത് ആധാര്‍ എന്റോള്‍മെന്റിനും വിവരങ്ങള്‍ പുതുക്കുന്നതിനുമായി എത്തുന്നവരുടെ തിരക്ക് വര്‍ധിച്ചു വരുന്ന സാഹചര്യം പരിഗണിച്ചാണ് യു.ഐ.ഡി.എ.ഐ ജില്ലകള്‍ തോറും ഓരോ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്  

date