വനിതാരത്ന പുരസ്കാരം 2026: നോമിനേഷനുകൾ ക്ഷണിച്ചു
*
വിവിധ മേഖലകളിൽ സ്തുത്യർഹമായ നേട്ടങ്ങൾ കൈവരിച്ച വനിതകളെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാർ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന 2026-ലെ 'വനിതാരത്ന പുരസ്കാര'ത്തിന് നോമിനേഷനുകൾ ക്ഷണിച്ചു. സാമൂഹ്യസേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ-ശാസ്ത്ര സാങ്കേതിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിത, കലാരംഗം എന്നീ ആറ് മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവർക്കാണ് പുരസ്കാരം നൽകുന്നത്. ഓരോ പുരസ്കാര ജേതാവിനും ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും ലഭിക്കും.
അർഹരായവരെ മറ്റ് വ്യക്തികൾ, സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവർ മുഖേനയാണ് നോമിനേറ്റ് ചെയ്യേണ്ടത്. നോമിനേറ്റ് ചെയ്യപ്പെടുന്നവർ ജീവിച്ചിരിക്കുന്നവരും കഴിഞ്ഞ അഞ്ച് വർഷമെങ്കിലും പ്രസ്തുത മേഖലയിൽ പ്രവർത്തിച്ചവരുമായിരിക്കണം. നോമിനേഷനുകൾക്കൊപ്പം പ്രവർത്തന മേഖല സംബന്ധിച്ച വിവരണം, ചിത്രങ്ങൾ, പത്രക്കുറിപ്പുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഉള്ളടക്കം ചെയ്യണം. നോമിനേഷനുകൾ നവംബർ 30-നകം അയ്യന്തോൾ കളക്ടറേറ്റിലുള്ള തൃശ്ശൂർ ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ കാര്യാലയത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.wcd.kerala.gov.in എന്ന വെബ്സൈറ്റോ ജില്ലാ വനിതാ ശിശു വികസന ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0487 2361500.
- Log in to post comments