Skip to main content

'കളിക്കളം 2026 '- ന് നാളെ (നവംബർ 20) കാര്യവട്ടത്ത് തുടക്കം

#ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കും #

പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികൾ പങ്കെടുക്കുന്ന 9-ാമത് സംസ്ഥാനതല കായികമേള ‘കളിക്കളം 2026’ ന് കാര്യവട്ടം എൽ.എൻ.സി.പി.ഇ  സ്റ്റേഡിയത്തിൽ നാളെ (നവംബർ 20) തുടക്കമാകും. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന മേളയുടെ ഉദ്ഘാടനം രാവിലെ 9 മണിക്ക് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും. മന്ത്രി കായികജ്വാല തെളിയിക്കുന്നതോടെ മത്സരങ്ങൾക്ക് ഔദ്യോഗിക തുടക്കമാകും. മാർച്ച് പാസ്റ്റിനും പതാക ഉയർത്തലിനും ശേഷമാണ് ഉദ്ഘാടന സമ്മേളനം നടക്കുക.

സംസ്ഥാനത്തെ 22 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെയും 113 പ്രീമെട്രിക്-പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും 2000ത്തോളം വിദ്യാർത്ഥി കായികപ്രതിഭകൾ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ മാറ്റുരയ്ക്കും.
പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. വി. മുരളീധരൻ എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുക്കും. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കെ. വി. ധനേഷ് കായികമേള പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ്, ജോയിന്റ് ഡയറക്ടർ ശ്രീരേഖ കെ. എസ്, പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്ക വിഭാഗ വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ ഹിമ കെ, പിന്നാക്ക ക്ഷേമ വകുപ്പ് ഡയറക്ടർ രഞ്ജിത്ത് ഡി, എൽ.എൻ.സി.പി.ഇ പ്രിൻസിപ്പാൾ ഡോ. സദാനന്ദൻ സി. എസ്, കാര്യവട്ടം വാർഡ് കൗൺസിലർ സന്ധ്യറാണി എസ്. എസ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.

നവംബർ 22  വൈകുന്നേരം 3 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി കെ. എ. തുളസി നിർവഹിക്കും.ജില്ലാ കളക്ടർ അഞ്ജു കെ. എസ് സമാപന സമ്മേളനത്തിൽ മുഖ്യാതിഥി ആകും. പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ്,   എൽ.എൻ.സി.പി.ഇ പ്രിൻസിപ്പാൾ ഡോ. സദാനന്ദൻ സി. എസ്, പട്ടികവർഗ്ഗ വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ,  നെടുമങ്ങാട് ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ പ്രമോദ് ജി തുടങ്ങിയവർ പങ്കെടുക്കും.

date