പള്‍സ് പോളിയോ നവംബര്‍ 22 ന്: മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി
പോളിയോ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണ പരിപാടിക്കായി ജില്ലയില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി. നവംബര്‍ 22ന് ബൂത്തുകളിലൂടെ അഞ്ചുവയസ്സു വരെയുള്ള എല്ലാ കുട്ടികള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കും. ജില്ലയിലാകെ 975 പോളിയോ ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. റെയില്‍വേ സ്റ്റേഷന്, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകളും ശബരിമല മണ്ഡല പൂജ അനുബന്ധിച്ച് തീര്‍ത്ഥാടകരായി എത്തുന്ന കുട്ടികള്‍ക്കായി പമ്പയില്‍ പോളിയോ ബൂത്തും ക്രമീകരിച്ചിട്ടുണ്ട്. അന്നേ ദിവസം ബൂത്തിലെത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് മരുന്ന് ഉറപ്പാക്കുന്നതിനായി തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരും വോളണ്ടിയര്‍മാരും വീടുകള്‍ സന്ദര്‍ശിക്കും. ഒരു കുട്ടിയും പോളിയോ തുള്ളിമരുന്ന് ലഭിക്കാതെ പോകരുത് എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ക്കും തുടര്‍ന്നുള്ള ഗൃഹസന്ദര്ശനങ്ങള്ക്കുമായി നിയോഗിച്ചിട്ടുള്ള 3,156 വോളണ്ടിയര്‍മാരുടെ പരിശീലനവും പൂര്‍ത്തീകരിച്ചു. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള ജില്ലാതല ടാസ്ക് ഫോഴ്സ് യോഗം എഡിഎം ആര് രാജലക്ഷ്മിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പോളിയോ രോഗത്തെ പൂര്‍ണമായും ഉന്മൂലനം ചെയ്യുന്നതിനും കുട്ടികളുടെ ഭാവി ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനും പൊതുജനങ്ങളുടെ പൂര്‍ണ സഹകരണം ഉണ്ടാകണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ മണികണ്ഠന് അഭ്യര്‍ത്ഥിച്ചു.
- Log in to post comments