പമ്പയെ ശുചിയാക്കി വിശുദ്ധിസേന
തീര്‍ത്ഥാടകര്‍ ഉപേക്ഷിക്കുന്ന തുണികള്‍ അടിഞ്ഞുകൂടി പമ്പാ നദി മലിനപ്പെടുന്ന സാഹചര്യത്തില്‍ സഹായഹസ്തം നീട്ടി വിശുദ്ധി സേനാംഗങ്ങള്‍. തീര്‍ത്ഥാടക പ്രവാഹം വര്‍ധിച്ചതോടെ പമ്പ ത്രിവേണിയിലും മണപ്പുറത്തും തുണികള്‍ വലിയതോതില്‍ കുമിഞ്ഞുകൂടുന്ന സ്ഥിതിവിശേഷം സംജാതമായിരുന്നു.
ശബരിമല എഡിഎം ദിലീപ് കെ കൈനിക്കരയുടെ നിര്‍ദ്ദേശാനുസരണം പമ്പ ഡ്യൂട്ടി മജിസ്ട്രേറ്റ് അതുല്‍ സ്വാമിനാഥ്, എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ജോജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടത്തിയത്. പമ്പ പ്രദേശത്തെ സാനിറ്റേഷന്‍ മോണിറ്ററിങ് ഓഫീസര്‍മാര്‍ പ്രവര്‍ത്തികള്‍ക്ക് മേല്‍നോട്ടം വഹിച്ചു.
പത്തനംതിട്ട ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള വിശുദ്ധി സേനയില്‍ ഇത്തവണ സേവന സന്നദ്ധരായി എത്തിയിരിക്കുന്നത് ആയിരത്തോളം പ്രവര്‍ത്തകരാണ്. തുണികള്‍ പമ്പയില്‍ ഉപേക്ഷിക്കുന്നതിനെതിരെ ദേവസ്വം ബോര്‍ഡും സര്‍ക്കാര്‍ വകുപ്പുകളും നിരന്തരം ബോധവല്‍ക്കരണം നടത്തുന്നുണ്ട്.
- Log in to post comments