Skip to main content
നിര്‍മലം ശബരിമല' പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ച പ്ലാസ്റ്റിക് കളക്ഷന്‍ കൗണ്ടറിന്റെ ഉദ്ഘാടനം ശബരിമല എഡിഎം ദിലീപ് കെ കൈനിക്കര നിര്‍വഹിക്കുന്നു

നിര്‍മലം ശബരിമല : തീര്‍ത്ഥാടന പാത പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ പമ്പയില്‍ കളക്ഷന്‍ കൗണ്ടര്‍

ശബരിമല തീര്‍ത്ഥാടന പാതയും പരിസരവും പൂര്‍ണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ 'നിര്‍മലം ശബരിമല' പദ്ധതിയുടെ ഭാഗമായി പമ്പയില്‍ പ്ലാസ്റ്റിക് കളക്ഷന്‍ കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചു. പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള തീര്‍ത്ഥാടന പാതയിലെ ചെക്കിംഗ് പോയിന്റിന് സമീപം സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറിന്റെ ഔദ്യോഗിക ഉദ്ഘാടനം ശബരിമല എഡിഎം ദിലീപ് കെ കൈനിക്കര നിര്‍വഹിച്ചു. പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ ഐ എസ് സുരേഷ് ബാബു ചടങ്ങില്‍ മുഖ്യാതിഥിയായി. വനം വകുപ്പിന്റെയും ജില്ലാ ശുചിത്വ മിഷന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

 തീര്‍ത്ഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തരുടെ കൈവശമുള്ള പ്ലാസ്റ്റിക് കവറുകളും മറ്റ് പ്ലാസ്റ്റിക് വസ്തുക്കളും വനമേഖലയിലേക്ക് എത്തുന്നത് തടയുകയാണ് കൗണ്ടറിന്റെ പ്രധാന ലക്ഷ്യം. ഇവിടെയെത്തുന്ന ഭക്തരില്‍ നിന്നും പ്ലാസ്റ്റിക് കവറുകള്‍ ശേഖരിക്കുകയും പകരം പരിസ്ഥിതി സൗഹൃദമായ തുണിസഞ്ചികള്‍ സൗജന്യമായി നല്‍കുകയും ചെയ്യും. പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഭാഗമായ വനമേഖലയിലെ ജൈവവൈവിധ്യവും വന്യജീവികളുടെ ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതില്‍ ഈ നീക്കം വലിയ പങ്കുവഹിക്കും.
വരും ദിവസങ്ങളില്‍ കൗണ്ടറിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കാനും ഭക്തര്‍ക്കിടയില്‍ പ്ലാസ്റ്റിക് വിരുദ്ധ ബോധവല്‍ക്കരണം ശക്തമാക്കാനും അധികൃതര്‍ തീരുമാനിച്ചു.

ചടങ്ങില്‍ ഡ്യൂട്ടി മജിസ്ട്രേറ്റ് അതുല്‍ എസ് നാഥ്, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ എം വിനീത്, പമ്പ റേഞ്ച് ഓഫീസര്‍ മുകേഷ്, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ജി പ്രദീപ് എന്നിവര്‍ പങ്കെടുത്തു.
 

date