Skip to main content

ദന്താരോഗ്യമേഖലയിൽ നിർമിതബുദ്ധിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണം :  മന്ത്രി കെ മുരളീധരൻ

* ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി വകുപ്പിന്റെ ദേശീയ കോൺഫറൻസിന് തുടക്കം

 ദന്താരോഗ്യമേഖലയിൽ നിർമിതബുദ്ധിയുടെ (എഐ) സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. രോഗനിർണയത്തിലെ കൃത്യത, മെഡിക്കൽ ഇമേജുകളുടെ വിശകലനം, രോഗസാധ്യതകൾ നേരത്തെ തിരിച്ചറിയൽ, ചികിത്സാ ആസൂത്രണം എന്നിവയിൽ എ.ഐക്ക് വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കും.  ഡോക്ടറുടെ രോഗനിർണയ ശേഷിയെ സഹായിക്കാൻ എ.ഐക്ക് കഴിയുമെന്നും  ഈ സാങ്കേതികവിദ്യയുടെ പ്രയോജനം നഗരങ്ങളിൽ മാത്രം ഒതുങ്ങാതെ ഗ്രാമീണ മേഖലയിലെ സാധാരണക്കാർക്കും ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ഗവൺമെന്റ് ദന്തൽ കോളേജിന്റെ ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി വകുപ്പ് സംഘടിപ്പിക്കുന്ന നാലുദിവസത്തെ ദേശീയ കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരോഗ്യസംരക്ഷണമെന്നത് ഹൃദ്രോഗം, പ്രമേഹം, അർബുദം തുടങ്ങിയ രോഗങ്ങളുടെ ചികിത്സയിൽ മാത്രം ഒതുങ്ങുന്നതല്ല. വായുടെയും പല്ലുകളുടെയും ആരോഗ്യത്തിനും തുല്യപ്രാധാന്യം നൽകണം.  ദന്താരോഗ്യത്തെ കേവലം രോഗചികിത്സയുടെ പരിധിയിൽ നിർത്താതെ പ്രതിരോധ ആരോഗ്യ സംരക്ഷണത്തിന്റെ വിശാലമായ കാഴ്ചപ്പാടിലേക്ക് കൊണ്ടുവരണം. സർക്കാർ നടപ്പിലാക്കുന്ന ഹൃദയരാഗം രോഗപ്രതിരോധ പദ്ധതിയിൽ ദന്തഡോക്ടർമാരുടെ സേവനം കൂടി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

വായുടെ ആരോഗ്യത്തിന് ഒരാളുടെ ശാരീരിക ആരോഗ്യം, പോഷണം, സംസാരശേഷി, ആത്മവിശ്വാസം, ജീവിതനിലവാരം എന്നിവയുമായി നേരിട്ട് ബന്ധമുണ്ട്. വായിൽ നിന്നുണ്ടാകുന്ന ദുർഗന്ധം വ്യക്തിയേക്കാൾ കൂടുതൽ മറ്റുള്ളവർക്കാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇതിന് ശാശ്വത പരിഹാരം കാണാനുള്ള പരീക്ഷണങ്ങളും ഗവേഷണങ്ങളും ഇനിയും കൂടുതൽ നടക്കേണ്ടതുണ്ട്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ചികിത്സാശൃംഖലകളിൽ ദന്താരോഗ്യത്തിന് അർഹമായ സ്ഥാനം നൽകണം.  കേരളം ഉൾപ്പെടെയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ വായിലെ അർബുദം  വലിയ വെല്ലുവിളിയായി മാറുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ഉദ്ഘാടന ചടങ്ങിൽ മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഇൻ ചാർജ് ഡോ.ജബ്ബാർ പി കെ അധ്യക്ഷനായി. ഇന്ത്യൻ അക്കാദമി ഓഫ് ഓറൽ മെഡിസിൻ ആൻഡ് റേഡിയോളജി ഹോണററി ജനറൽ സെക്രട്ടറി ഡോ. അവിനാശ് തേജസ്വി എം എൽ, തിരുവനന്തപുരം ഗവൺമെന്റ് ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. കോശി ഫിലിപ്പ്, ആർ.സി.സി ഡയറക്ടർ ഡോ. രജനീഷ് കുമാർ, ഓർഗനൈസിംഗ് ചെയർമാൻ ഡോ. ശ്രീല എൽ എസ്, വാർഡ് കൗൺസലർ സിന്ധു തുടങ്ങിയവർ സന്നിഹിതരായി.

നവംബർ  22 വരെ തിരുവനന്തപുരത്ത് നടക്കുന്ന സമ്മേളനത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തുനിന്നുമായി എണ്ണൂറിലധികം പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.

പി.എൻ.എക്‌സ്. 4871/2026

date