ചോട്ടുവിന്റെ പഠനയാത്രയ്ക്ക് സാക്ഷരതാമിഷന്റെ ആദരം
ജീവിതത്തിലെ പ്രതിസന്ധികളെ അതിജീവിച്ച് ബിരുദപഠനത്തിന് ചേർന്ന അസം സ്വദേശി അഷാദുൽ ഹഖ് എന്ന ചോട്ടുവിന് അഭിനന്ദനപത്രം കൈമാറി സാക്ഷരതാമിഷൻ. സംസ്ഥാന സാക്ഷരതാമിഷൻ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡയറക്ടർ ഡോ. അഹമ്മദുൾ കബീർ എ പിയാണ് ചോട്ടുവിനെ ആദരിച്ചത്.
അസമിലെ തെസ്പൂർ ജില്ലയിലെ ഇതാഖോല ഗ്രാമത്തിൽനിന്ന് പന്ത്രണ്ട് വർഷം മുമ്പ് ഏഴാം ക്ലാസ് പഠനവുമായി കേരളത്തിലെത്തിയ ചോട്ടു സാക്ഷരതാമിഷന്റെ പിന്തുണയോടെ പത്താംതരം തുല്യതാ കോഴ്സും തുടർന്ന് ഹയർ സെക്കൻഡറി തുല്യതാ കോഴ്സും വിജയകരമായി പൂർത്തിയാക്കി. സാക്ഷരതാമിഷൻ മുഖേന ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബിരുദപഠനത്തിന് അവസരമൊരുക്കുന്ന തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെട്ടതോടെ ബി.എ. സോഷ്യോളജി പഠനത്തിന് ചേർന്നു. പ്രായമോ സാഹചര്യങ്ങളോ വിദ്യാഭ്യാസത്തിന് തടസ്സമല്ലെന്ന സന്ദേശം പകരുന്നതിനൊപ്പം, അറിവിലൂടെ ജീവിതത്തെ മാറ്റിമറിക്കാനുള്ള ഓരോ വ്യക്തിയുടെയും സാധ്യതകളെ അടയാളപ്പെടുത്തുകയുമാണ് ചോട്ടുവെന്ന് സാക്ഷരതാമിഷൻ ഡയറക്ടർ ഡോ. അഹമ്മദുൾ കബീർ എ പി പറഞ്ഞു.
പി.എൻ.എക്‌സ്. 4893/2026
- Log in to post comments