ജില്ലയിലെ ബാങ്ക് നിക്ഷേപം 59,209 കോടി രൂപയായി; വായ്പകളിൽ 1,579 കോടി രൂപയുടെ വർധന ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം ചേര്‍ന്നു
മലപ്പുറം ജില്ലയിലെ ബാങ്കുകളില്‍ ഈ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ (സെപ്തംബര്‍ പാദം) മൊത്തം നിക്ഷേപം 59,209 കോടി രൂപയായി ഉയർന്നു. ജൂൺ പാദത്തിലെ 57,341 കോടി രൂപയിൽ നിന്ന് 1,868 കോടി രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഒതുക്കുങ്ങല്‍ ഹോട്ടൽ ലിവ സെറീൻ റിട്രീറ്റ്സിൽ ചേര്‍ന്ന ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗത്തിലാണ് ഈ കണക്കുകള്‍ അവതരിപ്പിച്ചത്. ഇതേ കാലയളവിൽ ബാങ്കുകളുടെ മൊത്തം വായ്പകൾ 37,289 കോടി രൂപയിൽ നിന്ന് 38,868 കോടി രൂപയായി ഉയർന്നു. 1,579 കോടി രൂപയുടെ വർധനവാണ് ഉണ്ടായത്.
ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം (സി.ഡി റേഷ്യോ) 65.65 ശതമാനമായി ഉയർന്നിട്ടുണ്ട്. ജൂൺ പാദത്തിൽ ഇത് 65.03 ശതമാനമായിരുന്നു. റിസർവ് ബാങ്ക് നിശ്ചയിച്ച 60 ശതമാനം പരിധിയേക്കാൾ ഉയർന്ന നേട്ടമാണിത്. ജില്ലയിലെ മൊത്തം വായ്പകളിൽ 21,331 കോടി രൂപ മുൻഗണനാ മേഖലയിലാണ്. ഇത് ആകെ വായ്പയുടെ 54.88 ശതമാനമാണ്. ജില്ലാ ക്രെഡിറ്റ് പ്ലാൻ പ്രകാരം 2026–27 സാമ്പത്തിക വർഷത്തിൽ മുൻഗണനാ മേഖലയ്ക്ക് 24,080 കോടി രൂപയുടെ വായ്പ നൽകാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. സെപ്റ്റംബർ പാദം അവസാനിക്കുമ്പോൾ 13,010 കോടി രൂപയുടെ വായ്പകൾ അനുവദിച്ചു. ലക്ഷ്യത്തിന്റെ 54 ശതമാനമാണിത്. പ്രാഥമിക മേഖലയിൽ 8,137 കോടി രൂപയും ദ്വിതീയ മേഖലയിൽ 3,794 കോടി രൂപയും തൃതീയ മേഖലയിൽ 1,079 കോടി രൂപയുമാണ് വായ്പയായി നൽകിയത്. ഈ മേഖലകളിലെ ലക്ഷ്യനേട്ടം യഥാക്രമം 46, 72, 86 ശതമാനമാണ്. സാമ്പത്തിക ഉൾപ്പെടുത്തൽ പദ്ധതികളുടെ പ്രയോജനം അർഹരായ എല്ലാവരിലേക്കും എത്തിക്കാനുള്ള നടപടികൾ ശക്തമാക്കണമെന്ന് യോഗം നിർദേശിച്ചു. കേന്ദ്ര ധനകാര്യ സേവന വകുപ്പിന്റെ നേതൃത്വത്തിൽ ഒക്ടോബർ 21 മുതൽ ഡിസംബർ 31 വരെ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ നടപ്പാക്കുന്ന സാമ്പത്തിക ഉൾപ്പെടുത്തൽ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളിലും 12 നഗരസഭകളിലും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നവംബർ 17 വരെയുള്ള കണക്കനുസരിച്ച് 32 ഗ്രാമപഞ്ചായത്തുകളിലും അഞ്ച് നഗരസഭകളിലും ക്യാമ്പുകൾ സംഘടിപ്പിച്ചു. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന, അടൽ പെൻഷൻ യോജന തുടങ്ങിയ പദ്ധതികളിൽ അർഹരായവരെ ഉൾപ്പെടുത്തുന്നതിനും പ്രധാനമന്ത്രി ജൻധൻ അക്കൗണ്ടുകൾ ആരംഭിക്കുന്നതിനും പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ സജീവമാക്കുന്നതിനും ബാങ്കുകൾ ശ്രദ്ധിക്കണമെന്ന് യോഗം നിർദേശിച്ചു. കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കുന്നതിനും പ്രധാനമന്ത്രി ഫസൽ ബീമ യോജനയിൽ അർഹരായവരെ ചേർക്കുന്നതിനും നടപടികൾ സ്വീകരിക്കണം. സാമ്പത്തിക തട്ടിപ്പുകൾക്കെതിരെയും ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളെക്കുറിച്ചും ബോധവത്കരണം നടത്തണമെന്നും നിർദേശിച്ചു.
ഒതുക്കുങ്ങല്‍ ഹോട്ടൽ ലിവ സെറീൻ റിട്രീറ്റ്സിൽ നടന്ന യോഗം എം. റഹ്മത്തുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാർ ഹാജി മുഖ്യപ്രഭാഷണം നടത്തി. എ.ഡി.എം പി.ഒ സാദിഖ്, തിരുവനന്തപുരം ആര്.ബി.ഐ എഫ്.ഐ.ഡി.ഡി ലീഡ് ജില്ലാ ഓഫീസർ എൻ.എസ് അമൽ, നബാർഡ് ജില്ലാ വികസന മാനേജർ ഭഗവതി, ജില്ലാ ലീഡ് ബാങ്ക് മാനേജർ എം.വി അഞ്ജനദേവ് തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments