വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ ബഹിഷ്കരണം: കെട്ടിക്കിടക്കുന്ന ഇറക്കുമതി കണ്ടെയ്നറുകൾ ഉടൻ നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടർ
ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്നു
വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്നർ ട്രാൻസ്ഷിപ്മെന്റ് ടെർമിനലിൽ പതിനൊന്ന് ദിവസത്തോളമായി തുടരുന്ന ലോറി, ട്രെയിലർ ഡ്രൈവർമാരുടെ ബഹിഷ്കരണത്തെ തുടർന്ന് കെട്ടിക്കിടക്കുന്ന 1800 ലധികം ഇറക്കുമതി കണ്ടെയ്നറുകൾ നീക്കം ചെയ്യാനുള്ള നടപടികൾ ഉടനെ ആരംഭിക്കണമെന്ന് ജില്ലാ കളക്ടർ ജി. പ്രിയങ്ക അറിയിച്ചു.
വല്ലാർപാടത്തെ കണ്ടെയ്നർ സ്കാനിംഗ് പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് ട്രക്ക് ഡ്രൈവർമാർ നടത്തുന്ന ബഹിഷ്കരണത്താൽ ഉണ്ടായ പ്രശ്നങ്ങൾ ഒഴിവാക്കാ കണ്ടെയ്നറുകൾ നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും സി എഫ് എസ്, ഐ ജി ടി പി എൽ പ്രതിനിധികളെയും ഉൾപ്പെടുത്തി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന
യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
ഇറക്കുമതി കണ്ടെയ്നറുകൾ നീക്കം ചെയ്താൽ മാത്രമേ കയറ്റുമതിയും പുതിയ ഷിപ്പുകളുടെ വരവും സാധ്യമാകുകയുള്ളൂ. അതിനാൽ കെട്ടിക്കിടക്കുന്ന കണ്ടെയ്നറുകൾ അടിയന്തരമായി നീക്കം ചെയ്യേണ്ടതുണ്ട്. ഒരു ദിവസം നിശ്ചിത കണ്ടെയ്നറുകൾ നീക്കം ചെയ്ത് വരും ദിവസങ്ങൾക്കകം 1800 ബോക്സുകൾ പൂർണമായി ടെർമിനലിൽ നിന്ന് മാറ്റണമെന്ന് കളക്ടർ അറിയിച്ചു. അതിനായി സി.എസ്.എസ് (കണ്ടെയ്നർ ഫ്രെയ്റ്റ് സ്റ്റേഷൻ) ഐ.ജി.പി.ടി.എൽ (ഇന്ത്യ ഗേറ്റ് വേ ടെർമിനൽ പ്രൈവറ്റ് ലിമിറ്റഡ് ) എന്നിവയുടെ കീഴിൽ വരുന്ന സ്ഥാപനങ്ങളുടെ പ്രതിനിധികൾ ട്രക്കുകളും അതിനുവേണ്ട ഡ്രൈവർമാരെയും അതിവേഗം കണ്ടെത്തണമെന്നും കളക്ടർ പറഞ്ഞു.
നിലവിൽ ബഹിഷ്കരണത്തിലുള്ള ട്രക്ക് യൂണിയൻ ഡ്രൈവർമാർക്ക് എപ്പോൾ വേണമെങ്കിലും തിരികെ വരാം. യൂണിയന്റെ ഭാഗത്തുനിന്നും മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടാകാതെ അവർക്കു വേണ്ട സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുമെന്നും കളക്ടർ വ്യക്തമാക്കി.
കച്ചവടത്തിൽ സമയത്തിനാണ് പ്രാധാന്യം. പ്രശ്ന ദൂരീകരണം സാധ്യമായില്ലെങ്കിൽ കൊച്ചി തുറമുഖത്തേക്ക് വരേണ്ട കപ്പലുകൾ മറ്റു തുറമുഖങ്ങളെ ആശ്രയിച്ച് പോകും. അതിനാൽ ഡ്രൈവർമാർ ബഹിഷ്കരണമവസാനിപ്പിച്ച് ടെർമിനലിന്റെ പ്രവർത്തനം മുൻപ് ഉള്ളതിനേക്കാൾ കൂടുതൽ ശക്തമായും ധൈര്യത്തോടെയും മുന്നോട്ട് നയിക്കണമെന്നും കളക്ടർ യോഗത്തിൽ പറഞ്ഞു.
യോഗത്തിൽ സിറ്റി പോലീസ് കമ്മീഷണർ ആർ. നിശാന്തിനി, ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് അരുൺ കെ. പവിത്രൻ, സബ് കളക്ടർ ഗ്രന്ഥേ സായികൃഷ്ണ, മറ്റ് ഉദ്യോഗസ്ഥർ, സി എഫ് എസ്, ഐ ജി പി ടി എൽ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments