Skip to main content

പോളിയോ പ്രതിരോധത്തിന് ജില്ലയിൽ വിപുലമായ സജ്ജീകരണം

1.61 ലക്ഷം കുട്ടികൾക്ക് ഇന്ന് (നവംബർ 22) തുള്ളിമരുന്ന് നൽകും

ജില്ലയിൽ 1879 ബൂത്തുകൾ സജ്ജം; രാവിലെ എട്ട് മണി മുതൽ വിതരണം

ജില്ലയിൽ ഇന്ന് പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ  ഭാഗമായി അഞ്ചു വയസിന് താഴെയുള്ള 1,61,529 കുട്ടികൾക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകും. ഇതിനായി ജില്ലയിൽ 1879 പോളിയോ ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ അങ്കണവാടികൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സർക്കാർ-സ്വകാര്യ ആശുപത്രികൾ, തിരഞ്ഞെടുത്ത സ്കൂളുകൾ എന്നിവിടങ്ങളിൽ തുള്ളിമരുന്ന് വിതരണം ചെയ്യും. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് വിതരണം.

റെയിൽവേ സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ഉത്സവപ്പറമ്പുകൾ തുടങ്ങിയ ജനത്തിരക്കേറിയ കേന്ദ്രങ്ങളിൽ ട്രാൻസിറ്റ് ബൂത്തുകളും എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള പ്രദേശങ്ങളിൽ മൊബൈൽ ബൂത്തുകളും പ്രവർത്തിക്കും. 40 ട്രാൻസിറ്റ് ബൂത്തുകൾ, മൂന്ന് മേള-ബസാർ ബൂത്തുകൾ, 32 മൊബൈൽ ടീമുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

അതിഥി തൊഴിലാളികളുടെ മക്കൾക്കും ആദിവാസി മേഖലകളിലെ കുട്ടികൾക്കും തുള്ളിമരുന്ന് നൽകുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രത്യേക പരിശീലനം നേടിയ ആരോഗ്യപ്രവർത്തകരും വളന്റിയർമാരുമാണ് തുള്ളിമരുന്ന് വിതരണം നടത്തുക.

2014ൽ ലോകാരോഗ്യ സംഘടന ഇന്ത്യയെ പോളിയോ വിമുക്ത രാജ്യമായി പ്രഖ്യാപിച്ചെങ്കിലും അയൽരാജ്യങ്ങളായ അഫ്ഗാനിസ്ഥാനിലും പാക്കിസ്ഥാനിലും ഇപ്പോഴും പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മുൻകരുതലിന്റെ ഭാഗമായി രാജ്യത്ത് പ്രതിരോധ പ്രവർത്തനങ്ങൾ തുടരുകയാണ്. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളിലാണ് പോളിയോ രോഗബാധ കൂടുതലായി കാണുന്നത്. അതിനാൽ ഈ പ്രായപരിധിയിലുള്ള എല്ലാ കുട്ടികൾക്കും ഇന്ന് നിർബന്ധമായും പോളിയോ തുള്ളിമരുന്ന് നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

date