Skip to main content

കളിക്കളം 2026 പ്രത്യേക വാർത്താക്കുറിപ്പ് : കബഡിയിൽ വിജയഗാഥ കുറിച്ച് അട്ടപ്പാടിയിലെ മിടുക്കികൾ

കബഡി മത്സരത്തിൽ കരുത്തും കൂട്ടായ്മയും കൈമുതലാക്കി സ്വർണം സ്വന്തമാക്കി അട്ടപ്പാടിയിലെ പെൺപട. ആവേശം നിറഞ്ഞ രണ്ടാം ദിനത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ജി.എം.ആർ.എസ് അട്ടപ്പാടിയാണ് മികച്ച പ്രകടനത്തോടെ കിരീടം നേടിയത്. കഴിഞ്ഞ വർഷം പരിശീലനസൗകര്യങ്ങളുടെ അഭാവത്തിൽ പരാജയം ഏറ്റുവാങ്ങി മടങ്ങേണ്ടിവന്ന ടീം, ഇത്തവണ ചുരുങ്ങിയ കാലത്തെ ചിട്ടയായ പരിശീലനത്തിലൂടെ വിജയം നേടുകയായിരുന്നു.

ആദ്യഘട്ട മത്സരങ്ങളിൽ കാസർഗോഡ്, കട്ടേല, ഏറ്റുമാനൂർ എം.ആർ.എസ് ടീമുകളെ പരാജയപ്പെടുത്തിയ അട്ടപ്പാടി സംഘം ഫൈനലിൽ ചാലക്കുടി എം.ആർ.എസിനെയും കീഴടക്കി. മത്സരത്തിന്റെ തുടക്കം മുതൽ അവസാനവരെ പത്ത് പോയിന്റിന്റെ ലീഡ് നിലനിർത്തിയാണ് ടീം വിജയം ഉറപ്പിച്ചത്. പ്ലസ് വൺ വിദ്യാർഥിനിയായ അഞ്ജന ദേവിയുടെ നേതൃത്വത്തിലാണ് ഇത്തവണ ടീം കളത്തിലിറങ്ങിയത്. അംഗങ്ങൾക്കിടയിൽ തുടക്കംമുതൽ മികച്ച കൂട്ടായ്മയും കായിക ഐക്യവും നിലനിർത്താനായതും വിജയത്തിന് കരുത്തായി.

അട്ടപ്പാടിയിലെ വിവിധ ഊരുകളിൽനിന്നുള്ള ഈ മിടുക്കികൾ നിരവധി പ്രതിസന്ധികൾ മറികടന്നാണ് കായികമേളയുടെ വേദിയിലെത്തിയത്. മഴക്കാലത്ത് കൃത്യമായ പരിശീലനം നടത്താൻ കഴിയാത്തതും പരിശീലനത്തിന് അനുയോജ്യമായ ഗ്രൗണ്ടുകളുടെ അഭാവവും ടീമിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളികളാണ്. പരിമിതമായ സൗകര്യങ്ങൾക്കിടയിലും ഏകദേശം 18 ദിവസത്തെ ചിട്ടയായ പരിശീലനവും മികച്ച ടീം മാനേജ്മെന്റുമാണ് ഇത്തവണത്തെ വിജയത്തിന് പിന്നിലെന്ന് പരിശീലകൻ അൻഷാദ് പറഞ്ഞു.

കായികതാരങ്ങൾക്ക് കൂടുതൽ പ്രോത്സാഹനവും മികച്ച പരിശീലന സൗകര്യങ്ങളും ഒരുക്കാനായാൽ ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ ഇവർക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കതിർവേൽ, അൻഷാദ് എന്നിവരുടെ പരിശീലനത്തിൽ അശ്വതി എസ്., ശിവരഞ്ജിനി ജി., സദ എസ്., അനാമിക പ്രകാശ്, അഞ്ജന ദേവി ടി.ആർ., മീന എം., അഞ്ജലി കെ., അശ്വതി എം., അർച്ചന എം. എന്നിവരാണ് ടീമിനായി കളത്തിലിറങ്ങിയത്.

date