Skip to main content

കളിക്കളം 2026 പ്രത്യേക വാർത്താക്കുറിപ്പ് : കളിക്കളത്തിൽ നേർക്കുനേർ പോരാടി ഇരട്ട സഹോദരിമാർ

ഒരേ വീട്ടിൽ വളർന്ന്, ഒരേ കായികയിനത്തിൽ പരിശീലനം നേടി, ഒടുവിൽ കളിക്കളത്തിൽ എതിർചേരികളിൽ. കബഡി മത്സരത്തിലാണ് കാണികൾക്ക് കൗതുകവും ആവേശവും പകർന്ന് ഇരട്ട സഹോദരിമാരായ അവന്തികയുടെയും അമന്തികയുടെയും നേർക്കുനേർ പോരാടിയത്.

മോഡൽ റെസിഡൻഷ്യൽ സ്കൂൾ ചാലക്കുടി ടീമിന്റെ ക്യാപ്റ്റനായിരുന്നു അമന്തിക.  എം.ആർ.എസ്. കണിയാമ്പറ്റ ടീമിന്റെ ക്യാപ്റ്റൻ അവന്തികയും.   മത്സരത്തിനിടെ അവന്തികയുടെ കൈയ്ക്ക് പരിക്കേറ്റപ്പോൾ കളിക്കളത്തിലെ എതിരാളിയെന്നതുപോലും മറന്ന് ആദ്യം ഓടിയെത്തിയത് സഹോദരി അമന്തികയായിരുന്നു. 

എട്ടാം ക്ലാസ് മുതലാണ് ഇരുവരും കബഡി പരിശീലനം ആരംഭിച്ചത്. പത്താം ക്ലാസ് വരെ ഒരുമിച്ചായിരുന്നു പരിശീലനം. കളിക്കളത്തിലെ കരുത്തും തന്ത്രങ്ങളും പരസ്പരം പങ്കുവെച്ച് വളർന്ന ഇരുവരും ഇന്നും പരസ്പരം പ്രോത്സാഹിപ്പിച്ചും പ്രകടനങ്ങളിലെ പോരായ്മകൾ തിരുത്തിയും മുന്നേറുകയാണ്. 

മത്സരത്തിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാകാത്തതിൽ നിരാശയുണ്ടെങ്കിലും നിരന്തര പരിശീലനത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന ആത്മവിശ്വാസത്തിലാണ് ഇരുവരും. ദേശീയതലത്തിൽ കബഡി കളിക്കുകയാണ് ലക്ഷ്യമെന്നും അവർ പറയുന്നു. കബഡിയിൽ ഇതിനോടകം സംസ്ഥാനതലത്തിൽ നേട്ടം കൈവരിച്ച താരമാണ് അമന്തിക. എന്നാൽ അവന്തികയ്ക്ക് കബഡിയേക്കാൾ പ്രിയം അത്‌ലറ്റിക്സിനോടാണ്.
വയനാട് അഞ്ചുകുന്ന് സ്വദേശികളായ ഇരുവരും പ്ലസ് ടു വിദ്യാർഥിനികളാണ്.

date