*ലോക നഗരാസൂത്രണ ദിനം: ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു*
ലോക നഗരാസൂത്രണ ദിനാചരണത്തിന്റെ ഭാഗമായി തവിഞ്ഞാൽ, പനമരം ഗ്രാമപഞ്ചായത്തുകളിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. നഗരാസൂത്രണം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് പഞ്ചായത്ത് ഭരണസമിതികൾക്ക് അവബോധം നൽകുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, ജനങ്ങളുടെ ആവശ്യങ്ങൾ, സാമ്പത്തിക സാഹചര്യങ്ങൾ, പരിസ്ഥിതി പ്രാധാന്യം, ദുരന്തസാധ്യതകൾ എന്നിവ പരിഗണിച്ചുകൊണ്ട് മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജില്ലാ ടൗൺ പ്ലാനർ കെ.എസ് രഞ്ജിത്ത് ക്ലാസെടുത്തു. ആസൂത്രണ പ്രദേശത്തിന്റെ ഭൂവിനിയോഗം ശാസ്ത്രീയമായി നിയന്ത്രിക്കുന്നതിലൂടെ നഗരത്തിന്റെ ക്രമപ്പെട്ട വികസനം ഉറപ്പാക്കാൻ കഴിയുമെന്ന് ബോധവത്കരണത്തിൽ വിശദീകരിച്ചു. 2016-ലെ കേരള നഗരഗ്രാമാസൂത്രണ ആക്ട് പ്രകാരം മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ വിവിധ ഘട്ടങ്ങളും നടപടിക്രമങ്ങളും പരിപാടിയിൽ പരിചയപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റുമാർ, ഭരണസമിതി അംഗങ്ങൾ, സെക്രട്ടറി, സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
- Log in to post comments