Skip to main content

'കളിക്കളം 2026'  മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

*കായികപ്രതിഭകൾക്ക് വിദഗ്ധ പരിശീലനം നൽകും: മന്ത്രി കെ എ തുളസി 

          പട്ടികവർഗ വികസനവകുപ്പിന് കീഴിലെ മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലെയും പ്രീമെട്രിക്/പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർഥികളുടെ കായികമേളയായ 'കളിക്കളം 2026' നോടനുബന്ധിച്ചുള്ള മാധ്യമപുരസ്‌കാരം പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ. എ. തുളസി പി ആർ ചേംബറിലെ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.

          അച്ചടി മാധ്യമം, ദൃശ്യ മാധ്യമം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. അച്ചടി മാധ്യമത്തിൽ മികച്ച റിപ്പോർട്ടറായി ദേശാഭിമാനിയിലെ എസ്. ഒ. ദിനു, മികച്ച ഫോട്ടോഗ്രാഫറായി ചന്ദ്രികയിലെ എ ജയ് മോഹൻ എന്നിവരെ തിരഞ്ഞെടുത്തു. വീക്ഷണത്തിനാണ് സ്പെഷ്യൽ ജൂറി പുരസ്‌കാരം. മാധ്യമം പ്രത്യേക പരാമർശം നേടി. ദൃശ്യ മാധ്യമത്തിൽ മികച്ച റിപ്പോർട്ടറായി അജിൻ അനിയൻകുഞ്ഞ് (മീഡിയ വൺ), മികച്ച വീഡിയോഗ്രാഫറായി ബിബിൻ ചെങ്കൽ (റിപ്പോർട്ടർ ടി വി), ജൂറിയുടെ പ്രത്യേക പരാമർശം  സാദിഖ് പാറക്കൽ (മീഡിയ വൺ) എന്നിവർ കരസ്ഥമാക്കി. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ് അധ്യക്ഷനായും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ പി ശ്യാംകുമാർ, പട്ടികവർഗ വികസന വകുപ്പ് അസി. ഡയറക്ടർ പബ്ലിസിറ്റി എസ് എ നജീം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാരത്തിനർഹരായവരെ തിരഞ്ഞെടുത്തത്.

          കളിക്കളം 2026 ലെ മികച്ച കായികപ്രതിഭകൾക്ക് വിദഗ്ധ പരിശീലനം നൽകാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. മേളയിൽ മികച്ച പ്രകടനം കാഴ്ചവച്ചവരുടെ പട്ടിക അടിയന്തരമായി തയ്യാറാക്കി വരുന്ന വേനലവധിക്കാലത്ത് പ്രൊഫഷണലുകളുടെ കീഴിൽ പ്രത്യേക പരിശീലനം നൽകും. മികച്ച നേട്ടം കൈവരിക്കുന്ന വിദ്യാർഥികൾക്ക് ഗ്രേസ്മാർക്ക് ലഭ്യമാക്കുന്നതിനുള്ള നിർദേശം സർക്കാരിന് സമർപ്പിക്കും. അടുത്ത വർഷം മുതൽ 'കളിക്കളം' മേളയിൽ കൂടുതൽ കായിക ഇനങ്ങൾ ഉൾപ്പെടുത്തും. വരും വർഷങ്ങളിൽ മറ്റു ജില്ലകളിൽ കൂടി കായികമേള നടത്താൻ തീരുമാനിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

           മൂന്ന് ദിവസത്തെ മേളയിൽ 22 എം.ആർ.എസ്സ്  കളിൽ നിന്നും 113 പ്രീമെട്രിക് ഹോസ്റ്റലുകളിൽ നിന്നുമായി 1,602 കുട്ടികൾ പങ്കെടുത്തു. 94 മൽസര ഇനങ്ങളാണ് ഉണ്ടായിരുന്നത്.

പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം എസ് ഇർഷാദ്, പട്ടികവർഗ വികസന വകുപ്പ് അസി. ഡയറക്ടർ പബ്ലിസിറ്റി എസ് എ നജീം എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പി.എൻ.എക്‌സ്. 4949/2026

date