Skip to main content

ജനങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ സുതാര്യമായും വേഗത്തിലും നൽകും: മന്ത്രി എ.പി. അനിൽകുമാർ*  *എടത്തിരിഞ്ഞി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

*

 

 

എടത്തിരിഞ്ഞി സ്മാർട്ട് വില്ലേജ് ഓഫീസ്  റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. 

ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനും അവരോട് മാന്യമായ രീതിയിൽ പെരുമാറി സമയബന്ധിതമായി സേവനങ്ങൾ നൽകാനും ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥാ കെടുതികളും ഉണ്ടാകുമ്പോൾ മുന്നിൽ നിന്നു പ്രവർത്തിക്കുന്ന വകുപ്പാണ് റവന്യൂ വകുപ്പ്. സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ 5,000 പേർക്ക് പട്ടയം നൽകാനാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ഏകദേശം 12,000 പേർക്ക് പട്ടയം നൽകാൻ സാധിച്ചു; തൃശൂർ ജില്ലയിൽ മാത്രം 1,300-ഓളം പേർക്ക് പട്ടയം നൽകി. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് കെട്ടിക്കിടന്ന 2.5 ലക്ഷം അപേക്ഷകളിൽ 100 ദിവസത്തിനകം 50,000-ത്തിലധികം അപേക്ഷകൾ തീർപ്പാക്കാൻ കഴിഞ്ഞതായും ജനങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ സുതാര്യമായും വേഗത്തിലും നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

 

ജനങ്ങൾക്ക് നൽകിയ പല വാഗ്ദാനങ്ങളും അധികാരത്തിൽ വന്ന ഈ ആറു മാസക്കാലം കൊണ്ട് തന്നെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരിന് നിറവേറ്റാൻ കഴിഞ്ഞതായും ജനങ്ങൾക്ക് ലഭിക്കേണ്ട അവകാശങ്ങൾ സുതാര്യമായും വേഗത്തിലും നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

 

 

ചേലൂർ സെന്റ് മേരീസ് ചർച്ച് ഹാളിൽ നടന്ന പരിപാടിയിൽ ഇരിങ്ങാലക്കുട നിയോജക മണ്ഡലം എം.എൽ.എ അഡ്വ. തോമസ് ഉണ്ണിയാടൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ പ്ലാൻ സ്കീം 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ചാണ് മുകുന്ദപുരം താലൂക്കിലെ എടത്തിരിഞ്ഞി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.

 

 

തൃശൂർ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സന്ദീപ് എം. സ്വാഗതം പറഞ്ഞു. മുൻ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  വത്സല ബാബു, തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധീഷ് ടി.കെ., പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണൻ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമേഷ് വി.ആർ., രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസർ അബ്ദുൾ മജീദ് സി.എം. നന്ദി പറഞ്ഞു.

 

date