Skip to main content

കെട്ടിട സൗകര്യങ്ങൾക്കൊപ്പം സേവനങ്ങളും സ്മാർട്ട് ആക്കുക എന്നതാണ് ലക്ഷ്യം: മന്ത്രി എ.പി. അനിൽകുമാർ* *മാടായിക്കോണം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപനം നിർവഹിച്ചു*

 

 

 

 സംസ്ഥാന സർക്കാരിന്റെ പ്ലാൻ സ്കീം 2025-26 പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന മുകുന്ദപുരം താലൂക്കിലെ മാടായിക്കോണം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ശിലാസ്ഥാപനം റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ നിർവഹിച്ചു. 

 

കെട്ടിടത്തിന്റെ സൗകര്യങ്ങൾക്കൊപ്പം സേവനങ്ങളും സ്മാർട്ട് ആക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. നിലവിൽ തറക്കല്ലിട്ട കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കി നാടിന് സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇതിന് എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

 

ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ, വില്ലേജ് ഓഫീസുകൾ എന്നിവ ജനങ്ങളുമായി ഏറ്റവും കൂടുതൽ ബന്ധപ്പെടുന്ന കേന്ദ്രങ്ങളാണ്. പഴയ കാലത്ത് സർട്ടിഫിക്കറ്റുകൾക്കായി വില്ലേജ് ഓഫീസുകളിൽ വലിയ തിരക്കുണ്ടായിരുന്നുവെങ്കിലും ഇന്ന് അക്ഷയ സെന്ററുകളിലൂടെയും സ്മാർട്ട് ഫോണുകളിലൂടെയും അവ ലഭിക്കുന്നതിനാൽ തിരക്കുകൾ കുറഞ്ഞിട്ടുണ്ട്. എന്നാൽ ഭൂമി സംബന്ധമായ കാര്യങ്ങൾക്കും മറ്റുമായി ഇന്നും ധാരാളം ആളുകൾ എത്തുന്നുണ്ട്. ജനങ്ങൾക്ക് പരമാവധി വേഗത്തിലും സുതാര്യമായും സേവനങ്ങൾ ലഭ്യമാക്കാനാണ് റവന്യൂ വകുപ്പും മറ്റു വകുപ്പുകളും ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്ന് ആറു മാസം പൂർത്തിയാകുന്ന വേളയിൽ റവന്യൂ വകുപ്പ് കൈവരിച്ച നേട്ടങ്ങളും മന്ത്രി പറഞ്ഞു. ഭൂമി സംബന്ധമായ കാര്യങ്ങൾക്ക് ജനങ്ങൾ ദശാബ്ദങ്ങളോളം കാത്തിരിക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ലെന്നും നിയമപരവും സാങ്കേതികവുമായ തടസ്സങ്ങളില്ലാത്ത എല്ലാ കാര്യങ്ങളും വേഗത്തിൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു.

 

മാപ്രാണം പി.കെ. ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഹാളിൽ നടന്ന പരിപാടിയിൽ

ഇരിങ്ങാലക്കുട നിയോജക മണ്ഡലം എം.എൽ.എ അഡ്വ. തോമസ് ഉണ്ണിയാടൻ അധ്യക്ഷത വഹിച്ചു. തൃശൂർ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സന്ദീപ് എം. സ്വാഗതം പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭ  ചെയർപേഴ്സൺ എം.പി. ജാക്‌സൺ, വൈസ് ചെയർപേഴ്സൺ ചിന്ത ധർമ്മരാജൻ,  ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ, ഇരിങ്ങാലക്കുട നഗരസഭ ആറാം വാർഡ് കൗൺസിലർ ബൈജു കുറ്റിക്കാടൻ, 

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,  ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഇരിങ്ങാലക്കുട റവന്യൂ ഡിവിഷണൽ ഓഫീസർ അബ്ദുൾ മജീദ് സി.എം. നന്ദി പറഞ്ഞു.

 

date