കണ്ണൂർ ജില്ലാ ആശുപത്രിയിൽ എ സി ഡീലക്സ് പേ വാർഡുകൾ പ്രവർത്തനം തുടങ്ങി
ജില്ലാ ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിൽ പുതുതായി നിർമിച്ച 10 എ സി ഡീലക്സ് പേ വാർഡുകളുടെ പ്രവർത്തന ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഷബ്ന അധ്യക്ഷത വഹിച്ചു.
കിഫ്ബി ഫണ്ടിൽനിന്ന് അനുവദിച്ച 63 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായി മാസ്റ്റർപ്ലാൻ പ്രകാരമാണ് പേ വാർഡുകൾ നിർമ്മിച്ചത്.
സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിൽ ആരംഭിക്കേണ്ട പ്രധാന പ്രവൃത്തികളിലൊന്നാണ് പേ വാർഡ്. ആദ്യഘട്ടത്തിൽ 10 എ സി
ഡീലക്സ് മുറികളാണ് പ്രവർത്തനസജ്ജമാക്കി തുറന്നുകൊടുത്തത്. ഇവയ്ക്ക് പ്രതിദിനം 1,250 രൂപയാണ് നിരക്ക്. ആകെ 23 പേ വാർഡുകളാണ് പദ്ധതിയിലുള്ളത്. സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിൽ ഇനി പ്രവർത്തനം ആരംഭിക്കാനുള്ള പ്രധാന പദ്ധതിയായ ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്സിന്റെയും ബാക്കിയുള്ള 13 നോൺ എ സി മുറികളുടെ നിർമാണം ഉടൻ പൂർത്തികരിക്കുമെന്നും അധികൃതർ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി രവീന്ദ്രൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ പ്രദീപൻ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി കെ മുഹമ്മദ് അലി, ജോർജ് ജോസഫ്,കെ അനുശ്രീ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം കെ ഷാജ്,ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ വിവേക് കുമാർ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി അബൂബക്കർ, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, എ എൽ എസ് & ട്രഷറർ വി എസ് ഹേന, ചീഫ് നഴ്സിങ് ഓഫീസർ എ എച്ച് ബീഗം ജാസ്മിൻ, ആർ എം ഒ. ഡോ. സുമിനെ മോഹൻ,തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments