ആന്റിമൈക്രോബിയല്‍ പ്രതിരോധ ബോധവല്‍ക്കരണം കൂടുതല്‍ ഊര്‍ജിതമാക്കും: ആന്റോ ആന്റണി എം.പി.
ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ബോധവല്‍ക്കരണം വ്യാപിപ്പിക്കും
ആന്റിമൈക്രോബിയല്‍ പ്രതിരോധത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് വ്യാപിപ്പിച്ച് കൂടുതല്‍ ഊര്‍ജിതമാക്കുമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട, കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക ആന്റിമൈക്രോബിയല്‍ പ്രതിരോധ വാരാചരണത്തിന്റെ സമാപന സമ്മേളനം കോന്നി മെഡിക്കല്‍ കോളേജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്ന പ്രവണത ഒഴിവാക്കണം. ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അമിതവുമായ ഉപയോഗം പ്രതിരോധശേഷിയുള്ള രോഗാണുക്കളുടെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും ഇത് ഭാവിയില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയുന്നതിനും അവയുടെ ഉത്തരവാദിത്തപരമായ ഉപയോഗത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും എം.പി. പറഞ്ഞു. ആന്റി മൈക്രോബിയല്‍ ബോധവല്‍ക്കരണ ക്വിസ് മത്സരത്തില്‍ വിജയികളായ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനവും എം.പി നിര്‍വഹിച്ചു.
ചടങ്ങില്‍ കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എല്‍ ജയശ്രീ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. ജെ മണികണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജിനു ജി. തോമസ്, കോന്നി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എ ഷാജി, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. എസ് മഞ്ജുശ്രീ, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ ജീവന്‍, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. കെ കെ ശ്യാംകുമാര്‍, ജനറല്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. പി പ്രവീണ്‍, സര്‍ജറി വിഭാഗം മേധാവി ഡോ. രാജേന്ദ്രന്‍, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ഹേമ എസ് നായര്‍, പീഡിയാട്രിക്‌സ് വിഭാഗം മേധാവി ഡോ. ജി എസ് ബിന്ദു, ഫാര്‍മക്കോളജി വിഭാഗം മേധാവി ഡോ. കെ എ ഹസീന, കമ്മ്യൂണിറ്റി വിഭാഗം മേധാവി ഡോ. കെ പി ആശ, ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. നിഷാന സെയ്ഫ്, ജില്ലാ ഡെപ്യൂട്ടി എജ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍മാരായ ആര്‍ ദീപ, എം പി ബിജുകുമാര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments