Skip to main content

പൊലീസ് സേനയില്‍ വനിതാ പ്രാതിനിധ്യം 30 ശതമാനമായി ഉയര്‍ത്തും; സ്റ്റേഷനുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കും

കേരള പൊലീസില്‍ വനിതകളുടെ എണ്ണം 30 ശതമാനമായി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന ഈ തീരുമാനത്തിലൂടെ ഭാവിയിലെ റിക്രൂട്ട്‌മെന്റുകളില്‍ 7:3 എന്ന അനുപാതത്തില്‍ കൂടുതല്‍ വനിതകള്‍ സേനയുടെ ഭാഗമാകും. നിലവില്‍ 63 പോലീസ് സ്റ്റേഷനുകളില്‍ എസ്.എച്ച്.ഒമാരായി വനിതകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിലും മയക്കുമരുന്ന് വേട്ടയിലും വനിതാ ഉദ്യോഗസ്ഥര്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പോലീസ് സ്റ്റേഷനുകളിലെ അംഗബലം കുറവാണെന്നും ജോലിഭാരം കൂടുതലാണെന്നുമുള്ള പ്രശ്‌നം പരിഹരിക്കാന്‍ എ.ആര്‍. ക്യാമ്പുകളിലെയും ബറ്റാലിയനുകളിലെയും ഉദ്യോഗസ്ഥരുടെ ഒരു നിശ്ചിത ശതമാനം സ്റ്റേഷനുകളിലേക്ക് വിന്യസിക്കുന്ന കാര്യം പരിഗണനയിലാണ്. ഇതിന് പുറമെ, മലപ്പുറം ജില്ലയില്‍ വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കരിപ്പൂര്‍, എടവണ്ണ, എടക്കര, പോത്തുകല്ല്, മങ്കട തുടങ്ങിയ പോലീസ് സ്റ്റേഷനുകള്‍ക്ക് സ്വന്തമായി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്.

കൊലപാതക കേസുകള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ കണ്ടെത്താനും എത്ര കാലം കഴിഞ്ഞാലും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും സാധിക്കുന്ന തരത്തിലാണ് സമീപകാലത്തെ അന്വേഷണങ്ങള്‍ പുരോഗമിക്കുന്നത്. പുതിയ ക്രൈംബ്രാഞ്ച് ഓഫീസ് സജ്ജീകരിക്കുന്നതിന് നേതൃത്വം നല്‍കിയ എം.പി. മോഹനചന്ദ്രന് മന്ത്രി ചടങ്ങില്‍ പ്രത്യേക അഭിനന്ദനങ്ങള്‍ അറിയിച്ചു. ഈ മാസം 30-ന് വിരമിക്കുന്ന അദ്ദേഹത്തിന് ആഭ്യന്തര വകുപ്പിന്റെ പേരില്‍ യാത്രാമംഗളങ്ങളും നേര്‍ന്നു.

date