Skip to main content

കര്‍ഷകര്‍ക്ക് അധികവരുമാനത്തിന് ഇടവിള കൃഷി പദ്ധതിയുമായി മേലില ഗ്രാമപഞ്ചായത്ത്

കൃഷിയിടങ്ങളില്‍ ഇടവിള കൃഷി വ്യാപിപ്പിച്ച് കര്‍ഷകര്‍ക്ക് അധികവരുമാനത്തിനുള്ള സാധ്യതയൊരുക്കി മേലില ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ  ഭാഗമായി കര്‍ഷകര്‍ക്ക് വിവിധ ഇടവിളകളുടെ വിത്തുകളും ജൈവവളങ്ങളുമാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച രീതിയില്‍ പദ്ധതി നടപ്പാക്കാനായതിന്റെ ചുവടുപിടിച്ച് നടപ്പ് സാമ്പത്തിക വര്‍ഷവും പ്ലാന്‍ ഫണ്ടില്‍ നിന്ന് 5.40 ലക്ഷം രൂപ വകയിരുത്തിയത്. ഇത്തവണ വിത്തുകളുടെ കിറ്റിനൊപ്പം ജൈവവളം കൂടി നല്‍കുന്നുണ്ട്.  
പദ്ധതിയുടെ ഭാഗമായി 300 കര്‍ഷകര്‍ക്ക് 1,000 രൂപ വിലവരുന്ന ഇടവിള കിറ്റും 20 കിലോ ജൈവവളവും വിതരണം ചെയ്യും. ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയ വിളകളുടെ വിത്തുകളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മേലിലയിലെ കര്‍ഷകര്‍ ഉത്പാദിപ്പിച്ച വിത്തുകള്‍ ശേഖരിച്ചാണ് കിറ്റുകള്‍ തയ്യാറാക്കുന്നത്. ഫെബ്രുവരിയോടെ കര്‍ഷകര്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്യും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം പദ്ധതിയുടെ ഭാഗമായി 300 കര്‍ഷകര്‍ക്ക് 1,200 രൂപ വില വരുന്ന ഇടവിള കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. ഇതിനായി പ്ലാന്‍ ഫണ്ടില്‍ നിന്ന് 3.60 ലക്ഷം രൂപ വിനിയോഗിച്ചു. ഇടവിള കൃഷി വ്യാപിപ്പിക്കുന്നതിലൂടെ ഒരേ സ്ഥലത്ത് വിവിധ വിളകള്‍ കൃഷി ചെയ്ത് കര്‍ഷകര്‍ക്ക് അധികവരുമാനം നേടാനാകുമെന്ന് മേലില ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി അജിത്ത് കുമാര്‍ പറഞ്ഞു.
 
 
 

date