Skip to main content

ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ: നവംബർ 25ന് ആലപ്പുഴയിൽ റാലി

 

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിനായി വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന്' നവംബർ 25ന് തുടക്കമാകും. ഇതിന്റെ ഭാഗമായി നവംബർ 25ന് രാവിലെ 10.30ന് ആലപ്പുഴ ജില്ലാ കളക്ടറേറ്റിൽ നിന്ന് ജെൻഡർ പാർക്ക് വരെ റാലി സംഘടിപ്പിക്കും.  നവംബർ 25 മുതൽ  മുതൽ മനുഷ്യാവകാശ ദിനമായ ഡിസംബർ 10 വരെ 16 ദിവസം നീണ്ടുനിൽക്കുന്ന ബോധവത്കരണ പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്.

'സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ഒന്നിക്കാം; നീതി ഉറപ്പാക്കുക, അതിജീവിതരെ സംരക്ഷിക്കുക, കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുക' എന്നതാണ് ഈ വർഷത്തെ ക്യാമ്പയിൻ സന്ദേശം.
നവംബർ 25ന് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം, നവംബർ 26ന് സ്ത്രീധന നിരോധന ദിനം, ഗാർഹിക പീഡന നിരോധന ദിനം, ഡിസംബർ 10ന് മനുഷ്യാവകാശ ദിനം എന്നിവയോടനുബന്ധിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും ജില്ലാ വനിതാ ശിശുവികസന ഓഫീസർ അറിയിച്ചു.

date