Skip to main content

പഴശ്ശി റിസർവോയറിൽ   മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ കേരള റിസർവോയർ ഫിഷറീസ് ഡെവലപ്‌മെന്റ് പ്രോജക്ടിന്റെ 2026-27 പദ്ധതിയുടെ ഭാഗമായി പഴശ്ശി റിസർവോയറിൽ രണ്ടാംഘട്ടമായി 4,21,200 കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.പായം ഗ്രാമപഞ്ചായത്തിലെ കല്ലുമുട്ടി കടവിൽ നടന്ന പരിപാടി പായം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.പായം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എൻ ജെസി അധ്യക്ഷത വഹിച്ചു.

റിസർവോയറുകളിലെ ജലവിഭവങ്ങളുടെ ശാസ്ത്രീയ പരിപാലനവും സുസ്ഥിര വിനിയോഗവും ഉറപ്പാക്കുക, മത്സ്യസമ്പത്ത് വർധിപ്പിക്കുക, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗം സംരക്ഷിച്ച് വരുമാനം വർധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. റിസർവോയറുകളെ ആശ്രയിച്ച് ജീവിക്കുന്ന മത്സ്യത്തൊഴിലാളികൾക്കും പ്രാദേശിക ജനവിഭാഗങ്ങൾക്കും കൂടുതൽ തൊഴിലവസരങ്ങളും ഉപജീവന സാധ്യതകളും സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നു .

പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ ഒക്ടോബർ ഒന്നിന് പഴശ്ശി റിസർവോയറിലെ പടിയൂർ-കല്യാട് ഗ്രാമപഞ്ചായത്തിലെ പൂവം കടവിൽ 4,21,200 കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. ഇതോടെ രണ്ട് ഘട്ടങ്ങളിലായി ആകെ 8,42,400 മത്സ്യക്കുഞ്ഞുങ്ങളെയാണ് പഴശ്ശി റിസർവോയറിൽ നിക്ഷേപിച്ചത്.

പരിപാടിയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബോബി എണ്ണചേരിയിൽ,ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സുമേഷ്,പായം ഗ്രാമപഞ്ചായത്ത് 
സ്ഥിരം സമിതി അധ്യക്ഷൻമാരായ 
കെ വി രാധാകൃഷ്ണൻ മാസ്റ്റർ,സ്മിത രജിത്, പവിത്രൻ പായം,പായം ഗ്രാമപഞ്ചായത്ത്  മെമ്പർമാരായ എം പി ഹരിത, സുജിഷ പ്രസാദ്, തലശ്ശേരി മത്സ്യഭവൻ ഫിഷറീസ് ഓഫീസർ എസ് സീന,തലശ്ശേരി മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ മുഹമ്മദ് സജീർ ടി എന്നിവർ പങ്കെടുത്തു.

date