ജില്ലാതല ക്വിസ്, ഉപന്യാസ മത്സരങ്ങള്‍ സംഘടിപ്പിച്ചു
ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല ഉപന്യാസ രചന, ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിച്ചു. മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് നിര്‍വഹിച്ചു. തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ നട്ടെല്ലാണെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള ശരിയായ അറിവ് യുവതലമുറയ്ക്ക് ജനാധിപത്യത്തില്‍ ഉത്തരവാദിത്തത്തോടെ പങ്കാളികളാകാന്‍ സഹായിക്കുമെന്നും ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് പറഞ്ഞു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കുകയാണ് ഇത്തരം മത്സരങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലയിലെ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നിയമസഭാ അസംബ്ലി തലങ്ങളില്‍ നടത്തിയ മത്സരങ്ങളില്‍ വിജയിച്ചവരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 150 ഓളം വിദ്യാര്‍ഥികളാണ് ജില്ലാതല മത്സരങ്ങളില്‍ പങ്കെടുത്തത്. ക്വിസ് മത്സരത്തില്‍ സ്കൂള്‍ വിഭാഗത്തില്‍ വൈഗശ്രീ അനീഷ് (ജി.ടി.എച്ച്.എസ്.എസ്, തലശ്ശേരി), എം ആയിഷ (പി.ആര്. മെമ്മോറിയല്‍ എച്ച്.എസ്.എസ്, കൊളവല്ലൂര്‍), അലന് അജേഷ് (ജി.എച്ച്.എസ്.എസ്, മുണ്ടേരി), വി പി മുഹമ്മദ് ലിസാന്‍(ജി.വി.എച്ച്.എസ്.എസ്, കതിരൂര്‍), ദിയാന സിറാജ് (വാദിഹുദ എച്ച്.എസ്.എസ്.) എന്നിവര്‍ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി.
കോളേജ് വിഭാഗത്തില്‍ സി ശ്രീതുള് (നിര്‍മലഗിരി കോളേജ്), ടി വി അഭിനവ്(ഗവ. കോളേജ് പെരിങ്ങോം), ജോസ് ബെന്നി (പെരിങ്ങോം ഐ.ടി.ഐ.), അഹമ്മദ് കബീര്‍ (എസ്.ഇ.എസ്. കോളേജ്, ശ്രീകണ്ഠപുരം), എം വി ജുനൈദ്(നെഹ്റു കോളേജ്, കാഞ്ഞിരോട്) എന്നിവരും സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടി.
ക്വിസ് മത്സരത്തില്‍ ആകെ 88 വിദ്യാര്‍ഥികള്‍ പങ്കെടുത്തതില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ പത്ത് പേരെയാണ് സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുത്തത്. ഉപന്യാസ രചനാ മത്സരത്തില്‍ 68 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഇതിലെ വിജയികളെ പിന്നീട് പ്രഖ്യാപിക്കും.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ അസിസ്റ്റന്റ് കളക്ടര്‍ എസ് സ്വാതി, എ ഡി എം കെ ബാലഗോപാലന്, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ പി എന്‍ പുരുഷോത്തമന്, ഡെപ്യൂട്ടി കലക്ടര്‍ ജോഷ്വ ബെന്നറ്റ് ജോണ്‍, ഹുസൂര്‍ ശിരസ്തദാര്‍ രാജേഷ് ഖന്ന, ജില്ലാ ഇ എല്‍ സി കോര്‍ഡിനേറ്റര്‍ ഡോ ജെയ്സണ്‍ ജോസഫ്, പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ സജീവന്, ഇന്സ്പെക്ഷന് വിഭാഗം സീനിയര്‍ സൂപ്രണ്ട് എന്‍ പി ഷനീജ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments