റവന്യൂ ജില്ലാ സ്കൂൾ കലോത്സവം: ജില്ലാ ശുചിത്വ മിഷന്റെ എക്സിബിഷൻ സ്റ്റാൾ ഉദ്ഘാടനം ചെയ്തു
എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയായ സെന്റ് പീറ്റേഴ്സ് വി എച്ച് എസ് എസ് സ്കൂളിൽ ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഒരുക്കിയ എക്സിബിഷൻ സ്റ്റാൾ വി.പി. സജീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ് പങ്കെടുത്തു.
ശുചിത്വം, മാലിന്യസംസ്കരണം, മാലിന്യത്തിന്റെ ഉറവിടതലത്തിലുള്ള തരംതിരിക്കൽ, പുനരുപയോഗം, പുനഃചംക്രമണം തുടങ്ങിയ ആശയങ്ങൾ വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും എത്തിക്കുന്നതിനായാണ് എക്സിബിഷൻ സ്റ്റാൾ ഒരുക്കിയത്.
മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് നേരിട്ട് മനസ്സിലാക്കാൻ കഴിയുന്ന രീതിയിലാണ് സ്റ്റാൾ സജ്ജീകരിച്ചിരിക്കുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും ഉണ്ടാകുന്ന മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിച്ച് കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യം, ജൈവമാലിന്യ സംസ്കരണ മാർഗങ്ങൾ, അജൈവ മാലിന്യങ്ങളുടെ ശേഖരണം–സംസ്കരണം, പ്ലാസ്റ്റിക് മാലിന്യത്തിന്റെ ശാസ്ത്രീയ പരിപാലനം, പുനരുപയോഗം, പുനഃചംക്രമണം തുടങ്ങിയ വിഷയങ്ങൾ സ്റ്റാളിൽ പരിചയപ്പെടുത്തുന്നു.
മാലിന്യം ഒരു പ്രശ്നമായി മാത്രം കാണാതെ വിഭവമായി കാണുന്നതിനും പുനരുപയോഗത്തിന്റെയും പുനഃചംക്രമണത്തിന്റെയും സംസ്കാരം വളർത്തുന്നതിനും ആവശ്യമായ സന്ദേശങ്ങൾ സ്റ്റാളിലൂടെ നൽകുന്നു.
വിദ്യാർത്ഥികൾക്ക് പ്രായോഗികമായി കാര്യങ്ങൾ മനസ്സിലാക്കുന്നതിനായി വിവിധ മോഡലുകൾ, ദൃശ്യാവിഷ്കാരങ്ങൾ, വിവരഫലകങ്ങൾ, ബോധവത്കരണ സാമഗ്രികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. മാലിന്യം കുറയ്ക്കുക, പരമാവധി പുനരുപയോഗിക്കുക, പുനഃചംക്രമണത്തിന് അനുയോജ്യമായ രീതിയിൽ തരംതിരിക്കുക എന്നീ ആശയങ്ങൾ വിദ്യാർത്ഥികളിലൂടെ വീടുകളിലേക്കും സമൂഹത്തിലേക്കും എത്തിക്കുകയാണ് എക്സിബിഷന്റെ പ്രധാന ലക്ഷ്യം.
കലോത്സവത്തിനെത്തുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും സ്റ്റാൾ സന്ദർശിച്ച് മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനും പ്രായോഗിക മാർഗങ്ങൾ മനസ്സിലാക്കുന്നതിനും അവസരമുണ്ട്. 'I Promise to Segragate my waste' എന്ന സിഗ്നേച്ചർ ക്യാമ്പയിനും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്. സ്റ്റാളിൽ സജ്ജീകരിച്ചിട്ടുള്ള പ്രവർത്തങ്ങളിൽ പങ്കാളികളാകുന്ന എല്ലവർക്കും അഭിനന്ദന സർട്ടിഫിക്കറ്റും ജില്ലാ ശുചിത്വ മിഷൻ നൽകുന്നു.
കലയും സംസ്കാരവും ആഘോഷിക്കുന്ന കലോത്സവ വേദിയിൽ ശുചിത്വത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും സന്ദേശം കൂടി ഉയർത്തിപ്പിടിക്കുന്നതിനാണ് ജില്ലാ ശുചിത്വ മിഷൻ എക്സിബിഷൻ സ്റ്റാളിലൂടെ ലക്ഷ്യമിടുന്നത്.
- Log in to post comments