Skip to main content

ദക്ഷിണാഫ്രിക്കൻ പാർലമെന്ററി സമിതി കേരളത്തിൽ; എറണാകുളം കളക്ട്രേറ്റ് സന്ദർശിച്ചു

ദക്ഷിണാഫ്രിക്കൻ പാർലമെന്ററി പോർട്ട്ഫോളിയോ കമ്മിറ്റി അംഗങ്ങൾ എറണാകുളം കളക്ടറേറ്റ് സന്ദർശിച്ചു. കേരളത്തിലെ ഭൂപരിഷ്കരണ നയങ്ങളും ഭരണസംവിധാനവും സംബന്ധിച്ച് കളക്ടറേറ്റിലെ സ്പാർക്ക് ഹാളിൽ നടന്ന പ്രത്യേക സെഷനുകളിൽ പ്രതിനിധി സംഘം പങ്കെടുത്തു.

സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ (നവംബർ 25) എറണാകുളം കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ ചർച്ച നടന്നു. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ രണ്ട് സെഷനുകളിലായി കേരള റവന്യൂ വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (ILDM) സംഘടിപ്പിച്ച ആശയവിനിമയ പരിപാടികൾ നടന്നു. ഉച്ചക്ക് ശേഷം  സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിന്റെ (CDS) ആഭിമുഖ്യത്തിൽ മൂന്നാം സെഷനും നടന്നു. 

നവംബർ 24 മുതൽ 28 വരെയാണ് സമിതിയുടെ സന്ദർശനം. സമിതി അധ്യക്ഷനും പാർലമെന്റ് അംഗവുമായ മങ്കാക്ക ആൽബർട്ട് എൻക്വാങ്കോ നയിക്കുന്ന സംഘത്തിൽ ഒൻപത് പാർലമെന്റ് അംഗങ്ങളും കമ്മിറ്റി സെക്രട്ടറി ലുവാസി ബെൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമാണുള്ളത്. ന്യൂഡൽഹിയിലെ ദക്ഷിണാഫ്രിക്കൻ ഹൈക്കമ്മീഷന്റെ നിർദ്ദേശപ്രകാരം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് പഠനസന്ദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

ജില്ലാ കളക്ടർ ജി. പ്രിയങ്ക പ്രതിനിധി സംഘവുമായി സംവദിച്ചു. സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടർ ജെ ഒ അരുൺ, ജോയിന്റ് ലാൻഡ് റവന്യൂ കമ്മീഷണർ എം സി റെജിൽ, ഐ.എൽ.ഡി.എം. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഇ.എം. സഫീർ,  തിരുവനന്തപുരം സെൻറർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ് പ്രതിനിധികളായ സൂരജ് ജേക്കബ്, എം പരമേശ്വരൻ എന്നിവർ സെഷനുകൾ നയിച്ചു.

date