Skip to main content

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾക്കെതിരെ ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ: ബോധവൽക്കരണ റാലി സംഘടിപ്പിച്ചു

സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിച്ച് സുരക്ഷിതമായ സാമൂഹിക അന്തരീക്ഷം ഉറപ്പാക്കുന്നതിനായി വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന്റെ ഭാഗമായി ബോധവൽക്കരണ റാലിയും തെരുവുനാടകവും സംഘടിപ്പിച്ചു.

നവംബർ 25 അന്താരാഷ്ട്ര വനിതാ അതിക്രമ നിർമാർജന ദിനം മുതൽ ഡിസംബർ 10 മനുഷ്യാവകാശ ദിനം വരെ 16 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഗാർഹിക പീഡനം, സ്ത്രീധന സമ്പ്രദായം, ബാലവിവാഹം, ബലാത്സംഗം ഉൾപ്പെടെയുള്ള അതിക്രമങ്ങളും സാമൂഹിക ദുരാചാരങ്ങളും ഇല്ലാതാക്കി സ്ത്രീകൾക്കും പെൺകുട്ടികൾക്കും എപ്പോഴും എല്ലായിടത്തും സുരക്ഷ ഉറപ്പാക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം.

കൊച്ചി കോർപ്പറേഷൻ കാര്യാലയത്തിന് മുന്നിൽ നടന്ന തെരുവുനാടകത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് കൊച്ചി കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച ബോധവൽക്കരണ റാലി ഹൈക്കോടതി പരിസരത്ത് സമാപിച്ചു. റാലി കൊച്ചി ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ ഫ്ലാഗ് ഓഫ് ചെയ്തു.

ഡെപ്യൂട്ടി മേയർ വി.ആർ. സുധീർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീന , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആന്റണി പൈനത്തറ, എറണാകുളം വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥരായ ജെബിൻ, ലോലിത, സെയിൻ, കൊച്ചി അർബൻ ടു സി.ഡി.പി.ഒ ഇൻചാർജ് ശിൽപ, നഗരസഭാ കൗൺസിലർമാർ, അങ്കണവാടി അധ്യാപകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

date