ജില്ലാതല അറിയിപ്പുകൾ
ക്ലീൻ സ്വീപ്പ് പരിശോധന: സ്ഥാപനങ്ങൾക്ക് നാലരലക്ഷം രൂപ പിഴ ചുമത്തി
ജില്ലയിലെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ഖരമാലിന്യ (പ്ലാസ്റ്റിക് ഉൾപ്പെടെ) പരിപാലനവുമായി ബന്ധപ്പെട്ട് ഏകദിന മാസ് പരിശോധന ക്ലീൻ സ്വീപ്പ് നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പിലെ പഞ്ചായത്തുതല വിജിലൻസ് സ്ക്വാഡ്, ജില്ലാ എൻഫോഴ്സ്മെൻറ് സ്ക്വാഡ്, ഐ.വി.ഒ. സ്ക്വാഡ് എന്നിവയുടെ നേതൃത്വത്തിൽ നവംബർ 20 നാണ് പരിശോധന നടന്നത്. 1846 സ്ഥാപനങ്ങളും 146 ഇറച്ചിക്കടകളും പരിശോധിച്ചതിൽ 162 എണ്ണത്തിന് നോട്ടീസ് നൽകുകയും 185 സ്ഥാപനങ്ങൾക്ക് മൊത്തം നാലരലക്ഷ രൂപ പിഴ ചുമത്തുകയും ചെയ്തു.
ട്രാൻസ്ജെൻഡർ വ്യക്തികൾക്കുള്ള പദ്ധതികൾ: അപേക്ഷ ക്ഷണിച്ചു
സാമൂഹികനീതി വകുപ്പ് മുഖേന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. സ്കോളർഷിപ്പ്, ഹോസ്റ്റൽ ധനസഹായ പദ്ധതി, പ്രൊഫഷണൽ വിദ്യാഭ്യാസ ധനസഹായ പദ്ധതി (സഫലം), വിദൂര വിദ്യാഭ്യാസ ധനസഹായ പദ്ധതി (വർണ്ണം), വിവാഹ ധനസഹായ പദ്ധതി, ലിംഗമാറ്റ ശസ്ത്രക്രിയ, തുടർ ചികിത്സാ ധനസഹായ പദ്ധതി എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. https://suneethi.sjd.kerala.gov.in സുനീതി പോർട്ടൽ മുഖേന അപേക്ഷിക്കാം.
മത്സര പരീക്ഷകളിൽ പരിശീലനം നൽകുന്ന 'യത്നം' പദ്ധതി, അടിയന്തിര ഘട്ടങ്ങളിൽ സഹായം നൽകുന്ന 'കരുതൽ' പദ്ധതി, തൊഴിൽ നൈപുണ്യ പരിശീലനം, ബോഡി ബിൽഡിങ്ങ് ചാമ്പ്യൻഷിപ്പ്, സൗന്ദര്യമത്സരം, കലാ-കായിക മത്സരങ്ങൾ എന്നിവയ്ക്കുള്ള ധസസഹായത്തിന് ട്രാൻസ്ജെൻഡർ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെയുള്ള ആവശ്യമായ രേഖകൾ സഹിതം ജില്ലാ സാമൂഹികനീതി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. പദ്ധതിയുടെ വിശദവിവരങ്ങൾക്ക് www.sjd.kerala.gov.in വെബ് സൈറ്റ് സന്ദർശിക്കുക. ഫോൺ: 0497 2997811, 8281999015.
താൽകാലിക അധ്യാപക നിയമനം
കതിരൂർ ജി വി എച്ച് എസ് എസിലെ വി എച്ച് എസ് ഇ വിഭാഗത്തിൽ ഒഴിവുള്ള നോൺ വൊക്കേഷണൽ ടീച്ചർ ഇൻ കെമിസ്ട്രി (സീനിയർ) തസ്തികയിലേക്ക് താൽകാലിക അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച നവംബർ 30 രാവിലെ 11 മണിക്ക് സ്കൂളിൽ നടക്കും. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ പി.ജി, ബി.എഡ്, സെറ്റ്. ഫോൺ. 7510153050, 9947085920.
മിനിജോബ്ഫെയർ നവംബർ 28 ന്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 28 രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.
മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സെയിൽസ് എക്സിക്യൂട്ടീവ്, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ്, ടെലികോളർ, സെയിൽസ് മാനേജർ, നെറ്റ്വർക്ക് മാനേജർ, സ്പെയർപാർട്സ് മാനേജർ, ഡെലിവറി കോർഡിനേറ്റർ, സ്പെയർപാർട്സ് അസിസ്റ്റൻറ്, അക്കാഡമിക് കോർഡിനേറ്റർ, അക്കാഡമിക് ടീംലീഡ്, ബിസിനസ്സ് ഡെവലപ്മെന്റ് അസ്സോസിയേറ്റ്, ബിസിനസ്സ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ബിസിനസ്സ് ഡെവലപ്മെന്റ് മാനേജർ, സോഫ്റ്റ്സ്കിൽ ട്രെയിനർ എന്നിവയിലാണ് ഒഴിവുകൾ.
യോഗ്യത- പ്ലസ് ടു/ഡിഗ്രി/എംബിഎ/എംകോം/പിജി/എംഎ ഇംഗ്ലീഷ്.
ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ കാർഡിന്റെ (ആധാർ/വോട്ടർഐഡി) പകർപ്പും ഒരു പാസ്പോർട്ട്സൈസ് ഫോട്ടോയും 300 രൂപയും സഹിതം എംപ്ലോയബിലിറ്റിസെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് ഹാജരാക്കി ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 0497 –2707610, 6282942066
കന്നുകാലികളിലെ രോഗങ്ങൾ, നിവാരണ മാര്‍ഗ്ഗങ്ങൾ: പരിശിലനക്ലാസ് നവംബർ 30 ന്
കണ്ണൂര്‍ തെക്കീബസാറിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 30 രാവിലെ 10.15 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ കന്നുകാലികളിലെ രോഗങ്ങളും നിവാരണ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ മാസം 28 ന് വൈകീട്ട് നാലു മണിക്ക് മുമ്പ് പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്ക് മാത്രമാണ് പ്രവേശനം. . ഫോണ്‍: 0497-2763473.
എഞ്ചിനിയറിംഗ് ഇൻ്റേൺഷിപ്പ്: കെ എസ് ഇ ആർ സി അപേക്ഷ ക്ഷണിച്ചു
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ 2026-27 വർഷത്തെ ഇൻ്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് പുതിയതായി ബിരുദം നേടിയ ബി.ടെക് / എം.ടെക് ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ്, ഇല ക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
വൈദ്യുതി മേഖലയിലെ പ്രവർത്തനങ്ങളും നിയന്ത്രണ സംവിധാനങ്ങളും നേരിട്ട് പരിചയപ്പെടാൻ അവസരം നൽകുന്നതാണ് ഇൻ്റേൺഷിപ്പ് പ്രോഗ്രാം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഡിസംബർ 28 നകം അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിശദാംശങ്ങൾ കെ എസ് ഇ ആർ സിയുടെ വെബ്സൈറ്റ് വഴി ലഭി ക്കും.
നാടൻകലാ പരിശീലനത്തിന് സ്റ്റൈപ്പന്റ്: അപേക്ഷ ക്ഷണിച്ചു
നാടൻ കലകളിൽ പരിശീലനം നേടുന്ന കുട്ടികൾക്ക് പ്രതിമാസ സ്റ്റൈപ്പന്റ് നൽകുന്നതിന് കേരള ഫോക്ലോർ അക്കാദമി അപേക്ഷ ക്ഷണിച്ചു. 10 മുതൽ 17 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കാണ് സ്റ്റൈപ്പന്റ് അനുവദിക്കുക. ഒരുവർഷത്തേക്ക് പ്രതിമാസം 300 രൂപ വീതമാണ് സ്റ്റൈപ്പൻ്റ്. അപേക്ഷകർക്ക് ജനുവരി ഒന്നിന് 10 വയസ്സ് പൂർത്തിയായിരിക്കണം.
കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവരുടെ കുട്ടികൾക്കാണ് ആനുകൂല്യം. മുൻകാലങ്ങളിൽ അക്കാദമിയിൽനിന്ന് സ്റ്റൈപ്പന്റ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും അർഹരായവരെ തെരഞ്ഞെടുക്കുക. അപേക്ഷയോടൊപ്പം ആധാർ കാർഡിന്റെ പകർപ്പ്, കുടുംബ വാർഷിക വരുമാന സർട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ആശാന്റെ സമ്മതപത്രം എന്നിവ സമർപ്പിക്കണം. അപേക്ഷാ ഫോറവും നിയമാവലിയും www.keralafolklore.org വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷകൾ സെക്രട്ടറി, കേരള ഫോക്ലോർ അക്കാദമി, പി.ഒ. ചിറക്കൽ, കണ്ണൂർ – 670011 വിലാസത്തിൽ നവംബർ 30 നകം ലഭിക്കണം.
മേട്രൻ കം റസിഡൻറ് ട്യൂട്ടർ നിയമനം
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പഴയങ്ങാടി, ശ്രീകണ്ഠാപുരം, മയ്യിൽ, കതിരൂർ എന്നിവിടങ്ങളിലെ ആൺകുട്ടികളുടെ പ്രീ മെട്രിക്ക് ഹോസ്റ്റലുകളിലേയും അഴീക്കോട്,തലശ്ശേരി,തളിപറമ്പ പെൺകുട്ടികളുടെ പ്രീ മെട്രിക്ക് ഹോസ്റ്റലുകളിലേയും അന്തേവാസികളായ വിദ്യാർത്ഥികളുടെ രാത്രികാല പഠന മേൽനോട്ട ചുമതലകൾക്ക് (വൈകീട്ട് നാലു മുതൽ രാവിലെ എട്ടു വരെ) മേട്രൻ കം റസിഡൻറ് ട്യൂട്ടറെ നിയമിക്കുന്നു. പ്രതിമാസം 12000 രൂപ ഓണറേറിയം. താത്പര്യമുള്ള പട്ടികജാതി വിഭാഗത്തിൽപെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഈ വിഭാഗക്കാരുടെ അഭാവത്തിൽ പൊതുവിഭാഗത്തിൽ നിന്നുള്ളവരെ പരിഗണിക്കും. യോഗ്യത ബിരുദവും ബി എഡും.
നിയമനം തികച്ചും താൽകാലികവും അദ്ധ്യയന വർഷാവസാനം വരെയുമാണ്. താൽപര്യമുള്ളവർ വെള്ളകടലാസിൽ തയ്യാറാക്കിയ അപേക്ഷ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകൾ, ജാതിസർട്ടിഫിക്കറ്റ്, പാസ്സ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കണ്ണൂർ കലക്ട്രേറ്റ് മിനി സിവിൽ സ്റേറഷനിൽ പ്രവർത്തിക്കുന്ന (അനക്സ്) ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നവംബർ 30 രാവിലെ 10 .30 ന് നടക്കുന്ന കൂടി കാഴ്ചയിൽ ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് ഇരിക്കൂർ,കല്ല്യാശ്ശരി, തളിപറമ്പ,കണ്ണൂർ, തലശ്ശേരി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലോ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെടുക. ഫോൺ: 0497 2700596.
അധ്യാപക ഒഴിവ്
വളപട്ടണം ഗവ. ഹയർ സെക്കൻ്ററി വിഭാഗത്തിൽ ഇംഗ്ലീഷ് (സീനിയർ), അറബിക് (സീനിയർ) അധ്യാപക ഒഴിവ്. അഭിമുഖം നവംബർ 30 രാവിലെ 10 മണിക്ക്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ഓഫീസിൽ ഹാജരാകണം. ഫോൺ:0497 2930088.
സാനിറ്റേഷൻ വർക്കർ നിയമനം
കണ്ണൂർ ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ ഒഴിവുള്ള സാനിറ്റേഷൻ വർക്കർ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഏഴാം ക്ലാസ്സ് ജയിച്ചിരിക്കണം. ബിരുദധാരികളെ പരിഗണിക്കില്ല. പ്രായപരിധി 18-50. ഉദ്യോഗാർത്ഥികൾ ആധാർ, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളും പകർപ്പും സഹിതം ഡിസംബർ ഒമ്പത് രാവിലെ 11 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം.
ക്രിസ്തുമസ്-ന്യൂഇയർ ബമ്പർ: ടിക്കറ്റ് പ്രകാശനം 27 ന്
കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ക്രിസ്തുമസ്-ന്യൂഇയർ ബമ്പർ 2026-27 (BR 113) ഭാഗ്യക്കുറിയുടെ ജില്ലാതല ടിക്കറ്റ് പ്രകാശനം നവംബർ 27 രാവിലെ 11.30 ന് ഇൻഫർമേഷൻ കോൺഫറൻസ് ഹാളിൽ നടക്കും. എംഎൽഎ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ കോർപ്പറേഷൻ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ലിഷ ദീപക് അധ്യക്ഷത വഹിക്കും. ചടങ്ങിൽ എഡിഎം കെ ബാലഗോപാലൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൽ കരീം, വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികൾ, രോട്ടറി ഏജൻ്റുമാർ എന്നിവർ സംബന്ധിക്കും.
പുനർലേലം
മഹീന്ദ്ര ജീറ്റോ 2015 ഗുഡ്സ് കാരിയർ, മഹീന്ദ്ര മാക്സിമോ 2014 ഗുഡ്സ് കാരിയർ വാഹനങ്ങളുടെ പുനർലേലം നവംബർ 27 രാവിലെ 11.30 ന് കണ്ണൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് ഓഫീസുമായി ബന്ധപ്പെടുക.
ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ ഗവ. പോളിടെക്നിക്ക് കോളേജിലെ ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് വിഭാഗം ലാബിലേക്ക് ആവശ്യമായ ഡിജിറ്റൽ സ്റ്റോറേജ് ഓസിലോസ്കോപ്പ് മൂന്നെണ്ണം വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ക്വട്ടേഷൻ ക്ഷണിച്ചു. ക്വച്ചേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ രണ്ട് രാവിലെ 10 മണി. അന്നേ ദിവസം 11 മണിക്ക് ക്വട്ടേഷൻ തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0497 2835106.
വൈദ്യുതി മുടക്കം
കുറ്റ്യാട്ടൂർ സബ്സ്റേറഷൻ, കേളൻ പീടിക, വെള്ളുവയൽ മരമില്ല്, വെള്ളുവയൽ, കുറ്റ്യാട്ടൂർ പഞ്ചായത്ത് ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 7:45 മുതൽ മൂന്ന് വരെയും സുഭാഷ് നഗർ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ടു മുതൽ 12 വരെയും ഐഡിയ ചിത്രാരി ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചക്ക് 12 മുതൽ 3:30 വരെയും വൈദ്യുതി മുടങ്ങും.
കേരളത്തിലെ കീഴാള ആധുനികത: ജാതിയും അന്തസ്സും സാമൂഹികബന്ധങ്ങളുടെ പുനർനിർമ്മിതിയും – കെ.സി.എച്ച്.ആർ. വെബിനാർ 26-ന്
കേരളത്തിൻ്റെ സാമൂഹിക പരിവർത്തനത്തിൽ ചരിത്രപരമായി പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ വഹിച്ച പങ്കും ജാതിവ്യവസ്ഥയ്ക്കെതിരായ പോരാട്ടങ്ങളിലൂടെ രൂപപ്പെട്ട ആധുനികതയുടെ സവിശേഷതകളും ചർച്ചചെയ്യുന്നതിന് കേരള ചരിത്ര ഗവേഷണ കൗൺസിൽ ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസസുമായി (ഓട്ടോണമസ്) സഹകരിച്ചുകൊണ്ട് വെബിനാർ സംഘടിപ്പിക്കുന്നു.
'കേരളത്തിലെ കീഴാള ആധുനികത: ജാതിയും അന്തസ്സും സാമൂഹികബന്ധങ്ങളുടെ പുനർനിർമ്മിതിയും' എന്ന വിഷയത്തിൽ നവംബർ 26 വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന വെബിനാറിൽ കേരള സർവകലാശാലയിലെ സോഷ്യോളജി വിഭാഗം മുൻ പ്രൊഫസറും വകുപ്പ് മേധാവിയുമായിരുന്ന ഡോ. ആൻ്റണി പാലയ്ക്കൽ പ്രഭാഷണം നടത്തും. കെ.സി.എച്ച്.ആർ. ചെയർപേഴ്സൺ പ്രൊഫ. വിനോദ് കുമാർ കല്ലോലിക്കൽ അധ്യക്ഷത വഹിക്കും.
കൊളോണിയൽ ആധുനികത, മിഷനറി ഇടപെടലുകൾ, സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ, വിദ്യാഭ്യാസ വ്യാപനം, ജനാധിപത്യ സ്ഥാപനങ്ങൾ എന്നിവയിലൂടെ കേരളത്തിൻ്റെ ആധുനികതയെ വിലയിരുത്തുന്ന പരമ്പരാഗത സമീപനങ്ങൾക്കപ്പുറം, പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പോരാട്ടങ്ങളെയും ഇടപെടലുകളെയും മുൻനിർത്തിയുള്ള ബദൽ ചരിത്രവായനയാണ് പ്രഭാഷണം മുന്നോട്ടുവെക്കുന്നത്. ജാതി ആധിപത്യം, തൊട്ടുകൂടായ്മ, ആചാരപരമായ അസമത്വം, സാമൂഹിക വേർതിരിവ്, വിദ്യാഭ്യാസ നിഷേധം, മനുഷ്യാന്തസ്സിൻ്റെ നിഷേധം എന്നിവയ്ക്കെതിരായ പോരാട്ടങ്ങൾ കേരളത്തിൻ്റെ സാമൂഹിക പരിവർത്തനത്തിൽ വഹിച്ച നിർണായകമായ പങ്കിനെക്കുറിച്ച് പ്രഭാഷണം ചർച്ച ചെയ്യും. പ്രഭാഷണത്തെത്തുടർന്ന് നടക്കുന്ന ചർച്ചക്ക് കെ.സി.എച്ച്.ആർ. ഡയറക്ടർ ആസിഫ് കെ. യൂസഫ് നേതൃത്വം നൽകും.
വെബിനാറിൽ പങ്കെടുക്കാനുള്ള സൂം ലിങ്ക് https:-zoom.us/j/99089597388, വെബിനാർ ഐഡി: 990 8959 7388.
ലക്ചറർ നിയമനം
കണ്ണൂർ ഗവ. പോളിടെക്നിക് കോളേജ് സിവിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ലക്ചററുടെ ഒരു താൽക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബി.ടെക് / എം.ടെക് യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും മറ്റ് അനുബന്ധ രേഖകളും സഹിതം നവംബർ 30 രാവിലെ 10 മണിക്ക് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0497 2835106.
അഴിക്കൽ ഡീസൽ ബങ്കിൽ രാത്രികാല സെക്യൂരിറ്റി: അപേക്ഷ ക്ഷണിച്ചു
മത്സ്യഫെഡ് അഴിക്കൽ ഡീസൽ ബങ്കിൽ രാത്രികാല സെക്യൂരിറ്റി സേവനത്തിന് അംഗീകൃത സെക്യൂരിറ്റി ഏജൻസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ഡിസംബർ ഒന്ന്. ഫോൺ : 9526041027
- Log in to post comments