Skip to main content

ദേശീയ ക്ഷീരദിനാഘോഷം - ക്ഷീരമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ നടപടികൾ സജീവം – മന്ത്രി ബിന്ദു കൃഷ്ണ

സംസ്ഥാനത്തെ ക്ഷീരമേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിന് സർക്കാർ സജീവ ഇടപെടൽ നടത്തിവരികയാണെന്ന് തൊഴിൽ, വനിതാ-ശിശുവികസന, ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ മിൽമയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദേശീയ ക്ഷീരദിനാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ക്ഷീരമേഖല ഏറെ വെല്ലുവിളികൾ നേരിടുന്നുണ്ട്. കാലിത്തീറ്റ സബ്‌സിഡി ഉൾപ്പെടെയുള്ള സഹായങ്ങൾ സർക്കാർ നൽകുന്നുണ്ടെങ്കിലും കാലിത്തീറ്റവിലയിലെ തുടർച്ചയായ വർധന ക്ഷീരകർഷകരുടെ ഉത്പാദനച്ചെലവ് ഉയർത്തുകയും മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കുകയും ചെയ്യുന്നുണ്ട്. പാൽവില വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. വിലവർധന താൽക്കാലിക പരിഹാരമാണ്. എന്നാൽ അതുമൂലം സാധാരണക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുക്കേണ്ടതുണ്ട്.

ഫലപ്രദമായ പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ സർക്കാർ നടത്തിവരികയാണ്. ഈ മേഖലയിലെ വിദഗ്ധർ ഉൾപ്പെടെയുള്ളവരുമായി ചർച്ചകൾ നടത്തുന്നുണ്ട്. ക്ഷീരമേഖലയെ സുരക്ഷിതവും കാര്യക്ഷമവുമായി നിലനിർത്തുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കാലോചിതമായ മാറ്റങ്ങൾ നടപ്പാക്കി കൂടുതൽ ചെറുപ്പക്കാരെ ഈ രംഗത്തേക്ക് ആകർഷിക്കാനും പദ്ധതിയുണ്ട് – മന്ത്രി വ്യക്തമാക്കി.

മിൽമയുടെ പുതിയ ഉത്പന്നങ്ങളായ സ്ട്രോബറി യോഗർട്ട്, ചോക്കലേറ്റ് യോഗർട്ട്, റെഡ് വെൽവെറ്റ് ഐസ്‌ക്രീം എന്നിവ മന്ത്രി ചടങ്ങിൽ അവതരിപ്പിച്ചു.

ഫ്രാൻസിസ് ജോർജ് എം.പി., മിൽമ ചെയർമാൻ കെ.എസ്. മണി, കോട്ടയം നഗരസഭാ ചെയർമാൻ എം.പി. സന്തോഷ് കുമാർ, മിൽമ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ സി.എൻ. വത്സലൻപിള്ള, തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർപേഴ്‌സൺ മണി വിശ്വനാഥ്, ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജ്, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, കോട്ടയം നഗരസഭാ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്. ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.

 

date