Skip to main content

വിദ്യാര്‍ഥിയുടെ സര്‍ട്ടിഫിക്കറ്റ് തടഞ്ഞ സംഭവം : തിരിച്ചു നല്‍കാന്‍ ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവ്

പെരിന്തല്‍മണ്ണ സ്വകാര്യ എഞ്ചിനിയറീങ് കോളജില്‍ വിദ്യാര്‍ഥിയുടെ സര്‍ട്ടിഫിക്കറ്റ് തടഞ്ഞ സംഭവത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ ഇടപെടല്‍. സര്‍ക്കാരിന്റെ സജീവ പരിഗണനിയിലുള്‍പ്പെടുത്തി വിദ്യാര്‍ഥിയുടെ സര്‍ട്ടിഫിക്കറ്റും അടച്ച ഫീസും  തിരിച്ചു നല്‍കാന്‍ കമ്മീഷന്‍ ഉത്തരവായി.പരാതിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അടങ്ങിയ നോട്ടീസ് കോളജ് പ്രിന്‍സിപ്പലിനും സാങ്കേതിക വിദ്യാഭ്യാസ ഡയറകടര്‍ക്കും  നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ്  തീരുമാനമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ ഹനീഫ പറഞ്ഞു.  ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ന്യൂനപക്ഷ സിറ്റിങിലാണ് തീരുമാനം.
പരാതിക്കാരനായ എഞ്ചിനീയറിങ് വിദ്യാര്‍ഥിക്ക് അഞ്ചാം സെമസ്റ്ററില്‍ മാര്‍ക്കില്ല എന്ന കാരണത്താല്‍ കോളജ് അധികൃതര്‍ ആറാം സെമസ്റ്റര്‍ പരീക്ഷ എഴുതിപ്പിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥി പഠനം നിര്‍ത്തി കോളജിനോട് തന്റെ സര്‍ട്ടിഫിക്കറ് ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ട്ടിഫിക്കറ്റും അടച്ച ഫീസും തിരിച്ചു നല്‍കാന്‍ കോളജ് അധികൃതര്‍ തയ്യാറായില്ല എന്നതാണ് പരാതി.
അരീക്കോട് താലൂക്കാശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ  അഭാവത്തെക്കുറിച്ചും മതിയായ ജീവനക്കാരില്ല തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള പരാതിയില്‍ കമ്മീഷന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട്  റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ താലൂക്കാശുപത്രിയുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും ആരോപണങ്ങളില്‍ മതിയായ തീരുമാനങ്ങള്‍ എടുക്കുന്നതിന് കുടുംബക്ഷേമ വകുപ്പ് സെക്രട്ടറിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കിയതായി കമ്മീഷന്‍ അറിയിച്ചു.
റേഷന്‍കാര്‍ഡ് മുന്‍ഗണനക്രമത്തിലാക്കുന്നതുമായി  ബന്ധപ്പെട്ടുള്ള രണ്ടു പരാതികളും തീര്‍പ്പാക്കുന്നതിന് സിവില്‍ സപ്ലൈസ് ഓഫീസര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. പരാതിക്കാരികള്‍ രണ്ടുപേര്‍ക്കും ആനൂകൂല്യം അര്‍ഹതപ്പെട്ടതാണെന്ന് കമ്മീഷനു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് പരാതി തീര്‍പ്പുകല്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. പരാതിക്കാരിയില്‍ ഒരാളുടെ കുടുംബാഗങ്ങളില്‍പ്പെട്ടവര്‍ ശാരീരിക വൈകല്ല്യമുള്ളവരും മറ്റൊരാള്‍ വിധവയായതിനാലും മുന്‍ഗണനകാര്‍ഡ് നിഷേധിക്കാന്‍ പാടില്ല എന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കൂടാതെ കാലടി സംസ്‌കൃത കോളജില്‍ വ്യാകരണ വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ മുസ്ലിം സമൂദായത്തിന് പ്രാതിനിധ്യമുള്ള  ഒഴിവില്‍ നിയമനം നടത്തുന്നില്ല  എന്ന പരാതിയില്‍ തുടര്‍നടപടിയ്ക്ക് രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി. കമ്മീഷനു ലഭിച്ച 32 പരാതികളില്‍ 15 പരാതികളില്‍ വിധി പറയാന്‍ അടുത്ത സിറ്റിങിലേക്ക് മാറ്റി. പുതിയ മൂന്ന് പരാതികളും കമ്മീഷന് ലഭിച്ചു. 

date