Skip to main content

കേരള ഇന്‍വെസ്റ്റേഴ്‌സ് കോണ്‍ക്ലേവ് ' ഫെബ്രുവരി 16ന് പെരിന്തല്‍മണ്ണയില്‍ ലോഗോ പ്രകാശനം ചെയ്തു

വ്യാപാര - വ്യവസായ രംഗത്ത് സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതിനും തൊഴിലും  സമ്പത്തും വര്‍ദ്ധിപ്പിച്ച് സാമൂഹ്യ പുരോഗതി ഉറപ്പാക്കി   പെരിന്തല്‍മണ്ണയെ ഈ മേഖലയിലെ സംസ്ഥാനത്തെ തന്നെ നിക്ഷേപ സൗഹൃദ നഗരമാക്കി മാറ്റുന്നതിനു മുള്ള  'കേരള ഇന്‍വെസ്റ്റേഴ്‌സ് കോണ്‍ക്ലേവ്' ഫെബ്രുവരി 16ന് ഷിഫാ കണ്‍വന്‍ഷന്‍ സെന്ററില്‍ നടത്തും. ഇത് സംബന്ധിച്ച് നഗരസഭയില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം കോണ്‍ക്ലേവിന്റെ ലോഗോ   പ്രകാശനം ചെയ്തു. വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍  വകുപ്പിലെ ഉന്നതരും പങ്കെടുക്കും.
കേരളത്തിനകത്തും  പുറത്തും വ്യവസായ സംരംഭങ്ങളുള്ള 300 ഓളം വ്യാപാരി വ്യവസായി പ്രമുഖരും, 200 ഓളം വിദ്യാര്‍ത്ഥികളും യുവാക്കളുമായ ഭാവി സംരംഭകരും, 200 ഓളം നവാഗത വനിതാ സംരംഭകരും  ഒരു ദിവസം നീണ്ടു നില്‍ക്കുന്ന കോണ്‍ക്ലേവില്‍ ഒത്തുചേരും. 50 ഓളം യുവപ്രതിഭകള്‍ നൂതന സംരംഭങ്ങളെ കുറിച്ച് കോണ്‍ക്ലേവില്‍ അവരുടെ ആശയങ്ങള്‍ അവതരിപ്പിക്കും. ഈ ആശയങ്ങള്‍ സ്വീകരിക്കാന്‍ താല്‍പര്യമുള്ള സംരംഭകരുമായി യുവ പ്രതിഭകളെ സംയോജിപ്പിച്ച് നൂതന സംരംഭകത്വ വികസന പദ്ധതി നഗരസഭ തയ്യാറാക്കും. 30 പ്രമുഖ വ്യവസായികള്‍ അവരുടെ സംരംഭകത്വ വികസന അനുഭവങ്ങള്‍ ചടങ്ങില്‍ പങ്കുവെക്കും. നഗരസഭ വ്യവസായ വാണിജ്യ രംഗത്ത് ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ കോണ്‍ക്ലേവില്‍ പരിചയപ്പെടുത്തും. 30 ഓളം സംരംഭകരെയും ചടങ്ങില്‍ ആദരിക്കും.
നഗരസഭ വ്യാപാര - വ്യവസായ സംരംഭങ്ങള്‍ക്കായി എല്ലാവിധ സൗകര്യങ്ങളോടു കൂടി  ഒരുക്കുന്ന 50 ഏക്കര്‍ വ്യവസായ ഹബ്ബ്, വ്യാപാരങ്ങളുടെ പ്രോല്‍സാഹനത്തിന്  തയ്യാറാക്കുന്ന രണ്ടു ലക്ഷം സ്‌ക്വയര്‍ ഫീറ്റ്   വാണിജ്യ സൗകര്യങ്ങള്‍ എന്നിവയും കോണ്‍ക്ലേവില്‍ ലോഞ്ച് ചെയ്യും. വ്യാപാര - വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ ഈ ഇടങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ കോണ്‍ക്ലേവില്‍ സംരംഭകര്‍ക്ക് അവസരമുണ്ടാവും. തുടങ്ങാന്‍ പോകുന്ന സംരംഭകത്വത്തിന്റെ പ്രോജക്ട്, ലൈസന്‍സ്, ഫിനാന്‍സ് എന്നിവക്കായി നഗരസഭ തയ്യാറാക്കുന്ന ഏകജാലക സംവിധാനത്തിന്റെ ഉദ്ഘാടനവും കോണ്‍ക്ലേവില്‍ നടക്കും.
പെരിന്തല്‍മണ്ണയുടെ വികസന ചരിത്രത്തില്‍ പുത്തന്‍ നാഴികക്കല്ലാവുന്ന പരിപാടിയില്‍  250 ഓളം പുതിയ വ്യാപാര - വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും  5000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയുമെന്നാണ് നഗരസഭ പ്രതീക്ഷിക്കുന്നത്. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.സി. മൊയ്തീന്‍ കുട്ടി, കോണ്‍ക്ലേവ് സംഘാടക സമിതി ചെയര്‍മാനും ചെറുകിട വ്യവസായ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ ദാമോദര്‍ അവനൂര്‍, സംഘാടക സമിതി കണ്‍വീനര്‍ പി.എം.എ സലാം, കോര്‍ഡിനേറ്റര്‍ എ.വി റഫീഖ്, വ്യവസായ ഓഫീസര്‍ സി.സുനില്‍, കൗണ്‍സിലര്‍മാരായ പി.വിജയന്‍, സുന്ദരന്‍ കാരയില്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 

date