ഗാന്ധി സ്മൃതി ഖാദി മേളക്ക് തുടക്കമായി വസ്ത്രങ്ങള്‍ക്ക് വിലക്കിഴവിനൊപ്പം സമ്മാനകൂപ്പണും
മഹാത്മാ ഗാന്ധിയുടെ 150ാം ജ• വാര്‍ഷികവും ഖാദി പ്രസ്ഥാനത്തിന്റെ 100ാം വാര്‍ഷികവും പ്രമാണിച്ച് ഖാദി ബോര്‍ഡ് നടത്തുന്ന ഗാന്ധി സ്മൃതി ഖാദി മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ നഗരസഭാ ചെയര്‍പേഴ്സന്‍ സിഎച്ച് ജമീല ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഖാദിബോര്‍ഡ് അംഗം വേലായുധന്‍ വള്ളിക്കുന്ന്, പ്രൊജക്ട് ഓഫീസര്‍ കെ സിയാഉദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മലപ്പുറം കുന്നുമ്മല്‍ ജില്ലാ ദാരിദ്ര്യരഘൂകരണ വിഭാഗം ഓഫീസ് കെട്ടിടത്തിലാണ് മേള നടക്കുന്നത് .
ഫെബ്രുവരി ആറ് വരെ നടക്കുന്ന മേളയില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത വിലക്കിഴവിന് പുറമെ സമ്മാന കൂപ്പണും ലഭിക്കും. 1000 രൂപയുടെ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 100 രൂപയുടെ കൂപ്പണാണ് ലഭിക്കുക. ഈ കൂപ്പണ്‍ ഉപയോഗിച്ച് ഖാദി ഗ്രാമ വ്യവസായ ഉത്പന്നങ്ങള്‍ വാങ്ങാം. ഖാദി കോട്ടണ്‍, മസ്ലിന്‍, കാവി മുണ്ടുകള്‍, ഖാദി റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, കിടക്ക, തലയിണ, തേന്‍, എള്ളെണ്ണ, സോപ്പ്, പയ്യന്നൂര്‍ പട്ടുസാരികള്‍ തുടങ്ങിയവ മേളയില്‍ ലഭിക്കും.
- Log in to post comments