Skip to main content

ഏറത്തിലെ കൃഷിയിടങ്ങള്‍ നീരണിയും

 

വരള്‍ച്ചയെ മുന്നില്‍ കണ്ട് കൃഷിയിടങ്ങളെ നീരണിയിക്കാനൊരുങ്ങുകയാണ് ഏറത്ത് ഗ്രാമപഞ്ചായത്തിലെ കൃഷിക്കാര്‍. കടുത്ത വേനലിന് മുന്നോടിയായി പ്രദേശവാസികള്‍ക്ക് ജലസമൃദ്ധിയുടെ സ്രോതസൊരുക്കുന്ന തിരക്കിലാണ് ഏറത്ത് ഗ്രാമത്തിലെ തൊഴിലുറപ്പുകാര്‍. പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകളുടെ നേതൃത്വത്തില്‍ രണ്ട്്് സംഘങ്ങളായി തിരിഞ്ഞാണ് കുളങ്ങള്‍ നിര്‍മിക്കുന്നത്. സമീപ പ്രദേശങ്ങളിലെ തോടുകളിലും നീര്‍ച്ചാലുകളിലും ജലനിരപ്പ് കുറഞ്ഞതോടെയാണ് കൃഷിയിടങ്ങളോടു ചേര്‍ന്ന് കുളം നിര്‍മിക്കാന്‍ കര്‍ഷകര്‍ ആരംഭിച്ചത്. പത്ത് മുതല്‍ പതിനഞ്ച് മീറ്റര്‍  നീളവും, ഒന്‍പത് മീറ്റര്‍ മുതല്‍ പതിനഞ്ച് മീറ്റര്‍ വീതിയിലുമാണ് കുളം നിര്‍മിക്കുന്നത്. ഏകദേശം രണ്ടു ലക്ഷം രൂപയാണ് കുളത്തിന്റെ നിര്‍മ്മാണ ചെലവ്. വര്‍ള്‍ച്ചക്കാലത്ത് കൃഷിയിടത്തില്‍ ജലസേചനം നടത്തിനൊപ്പം മത്സ്യകൃഷി കൂടി ലക്ഷ്യമിട്ടാണ് കുളങ്ങള്‍ കുഴിക്കുന്നതെന്ന് വാര്‍ഡ് മെമ്പര്‍ സരസ്വതി പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയാക്കുന്ന കുളങ്ങളുടെ വശങ്ങളില്‍ കയര്‍ ഭൂവസ്ത്രം വിരിച്ച ശേഷമാണ് തൊഴിലാളികള്‍ കരയ്ക്കു കയറുന്നത്. 225 തൊഴില്‍ ദിനങ്ങളിലായാണ് കുളങ്ങളുടെ പണികള്‍ പൂര്‍ത്തീകരിച്ചത്. മുപ്പത്തിയാറു പേരടങ്ങുന്ന സംഘമാണ് നിര്‍മാണത്തില്‍ പങ്കാളികളായത്. ഏറത്ത് പഞ്ചായത്തിലെ പത്താം വാര്‍ഡിലെ പുതുശേരിഭാഗം കുമരനല്ലൂര്‍ ഏലായിലെ കര്‍ഷകനായ പ്രസന്നന്റെ കൃഷിയിടത്തിനോടു ചേര്‍ന്ന് അഞ്ച് സെന്റില്‍ കുളത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. കൂടാതെ മറ്റൊരുകുളത്തിന്റെ പണി പുരോഗമിക്കുകയാണ്. നാട്ടുകാര്‍ക്ക് ഏലായിലെ ജലം അത്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും കൂടാതെ കാര്‍ഷികമേഖലയുടെ സമൃദ്ധിക്കും ഏലായില്‍ നിര്‍മിക്കുന്ന കുളങ്ങള്‍ വഴിവെക്കുമെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു. പഞ്ചായത്തിലെ മറ്റുവാര്‍ഡുകളിലേക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനുളള തയ്യാറെടുപ്പിലാണ് തൊഴിലുറപ്പ് പ്രവര്‍ത്തകര്‍.  

                   (പിഎന്‍പി 379/19)

date